പാട്ന: ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരേ പ്രതികരിച്ചതിന് യുവതിയെയും മകനെയും സംഘം ചേർന്ന് മർദിച്ചു. ബിഹാറിലെ ഹാജിപുർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദന്തഡോക്ടറുടെ ക്ലിനിക്കിൽ പരിശോധനയ്ക്കെത്തിയ യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇതിനെതിരേ പ്രതികരിച്ചതോടെ ഡോക്ടറുടെ ഗുണ്ടകൾ ചേർന്ന് തന്നെയും മകനെയും റോഡിലിട്ട് മർദിച്ചതായാണ് യുവതിയുടെ പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ചയാണ് യുവതിയും മകനും പതിവ് പരിശോധനയ്ക്കായി ദന്ത ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. തുടർന്ന് യുവതി പരിശോധന മുറിയിലേക്ക് പോവുകയും മകൻ പുറത്ത് കാത്തിരിക്കുകയുമായിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ ഡോക്ടർ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. മോശമായരീതിയിൽ പെരുമാറിയെന്നും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു.

ഡോക്ടറുടെ അതിക്രമം തുടർന്നതോടെ യുവതി പ്രതികരിച്ചു. സംഭവം കണ്ടെത്തിയ മകനും പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ ഡോക്ടറുടെ ഗുണ്ടകൾ ചേർന്ന് തങ്ങളെ ക്രൂരമായി മർദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയെയും മകനെയും റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ യുവതിയുടെ പരാതി ലഭിച്ചെന്നും ഡോക്ടർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രസ്തുത ഡോക്ടർക്കെതിരേ നേരത്തെയും സമാനമായ പരാതികളുണ്ടായിരുന്നതായാണ് വിവരം. എന്നാൽ ആരും രേഖാമൂലം പോലീസിൽ പരാതി നൽകാത്തതിനാൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ല.

അതേസമയം, ഡോക്ടർക്കെതിരായ പരാജി വ്യാജമാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പ്രതികരിച്ചു. പരിശോധനയ്ക്കെത്തിയ യുവതി ഫീസ് നൽകാൻ തയ്യാറായില്ലെന്നും ഇതാണ് വ്യാജ പരാതിക്ക് കാരണമെന്നും യുവതിക്കെതിരേ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:woman and son thrashed in bihar she alleges doctor molested her and his goons behind the attack