കോങ്ങാട്(പാലക്കാട്): വടശ്ശേരിയില്‍ യുവതിയെയും ആറ് വയസുള്ള മകനെയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസിയായ തമിഴ്‌നാട് സ്വദേശി കനകരാജനെ (38) കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ചരാവിലെ ഏഴുമണിക്കാണ് കേസിനാസ്പദമായ സംഭവം. വടശ്ശേരിയില്‍ യുവതിയും മകനും താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വെട്ടിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ തലയിലും മുതുകിലും വലതുകൈയിലുമാണ് വെട്ടേറ്റത്. കുട്ടിയുടെ വലതുകൈയ്ക്കും വെട്ടേറ്റു. കുട്ടിയുടെ കൈയില്‍ 24 തുന്നലുണ്ട്.

ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കോങ്ങാട് പോലീസ്സ്റ്റേഷനിലെ എസ്.ഐ.മാരായ മഹേഷ്‌കുമാര്‍, ജെസ്റ്റിന്‍ കെ.ആര്‍., എ.എസ്.ഐ.മാരായ നാരായണന്‍കുട്ടി, സുരേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: woman and son attacked in kongad neighbour arrested