കണ്ണൂര്‍: മൂന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ യുവതിയെയും സുഹൃത്തിനെയും ബാലനീതിനിയമപ്രകാരം ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാലാട് മണല്‍ വീട്ടിലെ ശ്രുതി (28), അഴീക്കോട് അയണിവയലിലെ പ്രബീഷ് (28) എന്നിവരാണ് റിമാന്‍ഡിലായത്. ശ്രുതിയെ ചീമേനി തുറന്ന ജയിലിലും പ്രബീഷിനെ കണ്ണൂര്‍ സബ് ജയിലിലേക്കും അയച്ചു. കുഞ്ഞുങ്ങളെ നോക്കാന്‍ ബാധ്യതപ്പെട്ടവര്‍ അത് ചെയ്യാതിരുന്നാല്‍ ചുമത്തുന്ന 75-ാം വകുപ്പ് പ്രകാരമാണ് ശ്രുതിക്കെതിരേ കേസെടുത്തത്. മൂന്നുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്. പ്രബീഷിനെതിരേ പ്രേരണാക്കുറ്റമാണ്.

നവംബര്‍ 12-ന് മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രുതിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. വീടുപണിയാന്‍ ശ്രുതിയെ ഏല്‍പ്പിച്ച രണ്ടുലക്ഷം രൂപ കാണുന്നില്ലെന്ന് കാട്ടി ഭര്‍ത്താവിന്റെ പിതാവും പരാതി നല്‍കി. ഭര്‍ത്താവ് ഗള്‍ഫിലാണ്. 2011-ലായിരുന്നു വിവാഹം.

ആണ്‍സുഹൃത്തിനൊപ്പം പോകുന്നതായി കത്തെഴുതിവെച്ചാണ് ശ്രുതി അപ്രത്യക്ഷയായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ആദ്യം മാനന്തവാടിയിലും അവിടെനിന്ന് ബെംഗളൂരുവിലുമെത്തി. സ്വന്തം മൊബൈലുകള്‍ ഓഫാക്കി മറ്റൊരു മൊബൈലാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ നമ്പര്‍ കണ്ടെത്തിയ പോലീസ് ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും നീക്കം മനസ്സിലാക്കി. പോലീസ് പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം കണ്ണൂര്‍ ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലംമുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. ശ്രുതിയുടെ കൈവശമുണ്ടായിരുന്ന 1.65 ലക്ഷം രൂപ വീട്ടുകാര്‍ക്ക് കൈമാറി.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. ഇബ്രാഹിം, അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ. ലതീഷ് എന്നിവരാണ് കേസന്വേഷിച്ചത്.