അരൂര്‍: രണ്ടു മക്കളെ ഉപേക്ഷിച്ചുപോയ സ്ത്രീയെയും കാമുകനെയും ഒരു വര്‍ഷത്തിനു ശേഷം അരൂര്‍ പോലീസ് ഇരിങ്ങാലക്കുടയില്‍ നിന്ന് പിടികൂടി. എരമല്ലൂര്‍ കറുകപ്പറമ്പില്‍ വിദ്യാമോള്‍ (34), കളരിക്കല്‍ കണ്ണാട്ട് നികര്‍ത്ത് ശ്രീക്കുട്ടന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാമോളുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.

13-ഉം നാലും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഒരിക്കല്‍ വിദ്യാമോള്‍ ശ്രീക്കുട്ടനൊപ്പം നാട് വിട്ടിരുന്നു. അന്ന് പോലീസ് കണ്ടെത്തി ഇവരെ ഭര്‍ത്താവിനൊപ്പം വിട്ടു. പിന്നീടും ശ്രീക്കുട്ടനുമായുള്ള ബന്ധം തുടര്‍ന്ന വിദ്യാമോള്‍ ഒരു വര്‍ഷം മുന്‍പ് വീണ്ടും ഒളിച്ച് കടക്കുകയായിരുന്നു.ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസാണ് എടുത്തിട്ടുള്ളതെന്ന് സി.ഐ. പി.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. അരൂര്‍ എസ്.ഐ. അഭിരാം, എ.എസ്.ഐ. കെ. ബഷീര്‍, സീനിയര്‍ സി.പി.ഒ. ബിനിമോള്‍, സി.പി.ഒ. ബിനുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.