തവനൂര്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും മാതാവിനെയും ഭര്‍ത്തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അയങ്കലം വടക്കത്തുവളപ്പില്‍ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്റിന്‍ (19), മകള്‍ ഫാത്തിമ സഹറ (എട്ടുമാസം) എന്നിവരെയാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.ഭര്‍ത്താവിന്റെ ബന്ധുക്കളെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. 

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മുറിയില്‍നിന്ന് നിലവിളി കേള്‍ക്കുകയും പുക കാണുകയും ചെയ്തതോടെ ഭര്‍ത്തൃപിതാവ് മുഹമ്മദ് മുസ്ലിയാര്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. മുറി ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരും. 

സുഹൈല നസ്റിനുമായി ഭര്‍ത്തൃമാതാവ് നിരന്തരം വഴക്കിടാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സുഹൈല നസ്റിന്റെ ബന്ധുക്കളും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു സുഹൈല നസ്റിന്റെയും ബസ്ബസത്തിന്റെയും വിവാഹം. ബസ്ബസത്ത് വിദേശത്താണ്. കുറ്റിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)