വൈപ്പിന്‍: നായരമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് അമ്മ മരിച്ചതിനു പിന്നാലെ മകനും മരിച്ചു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ മകന്‍ അതുല്‍ (18) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരിച്ചത്. പൊള്ളലേറ്റനിലയില്‍ കണ്ട അമ്മ സിന്ധു (42) വിനെയും മകന്‍ അതുലിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഞായറാഴ്ച തന്നെ മരിച്ചു.

രണ്ടു മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടത്തി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെ നായരമ്പലം വാടേല്‍ സെയ്ന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

സിന്ധു എറണാകുളം ലൂര്‍ദ് ആശുപത്രി ജീവനക്കാരിയും അതുല്‍ നായരമ്പലം പ്രയാഗ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്.

സിന്ധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പരിസരവാസിയായ നായരമ്പലം പുഞ്ചേപ്പടി ദിലീപിന് (44) എതിരേ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. 

സിന്ധുവും സഹോദരനും നല്‍കിയ പരാതിയില്‍ വേണ്ടത്ര ഗൗരവത്തോടെ പോലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് മരണകാരണമായതെന്ന് മാതാപിതാക്കളായ ചാലാവീട്ടില്‍ ജോയിയും ഭാര്യ സബേത്തും കുറ്റപ്പെടുത്തി.ജോലിക്കുപോകാന്‍ പോലും പറ്റാത്തവിധം പരിസരവാസി ശല്യംചെയ്തിരുന്നതായും ഇവര്‍ പറയുന്നു. ഇത് ചോദ്യംചെയ്ത സഹോദരനെയും മകനെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സിന്ധു, ദിലീപാണ് മരണകാരണമെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ദിലീപ് ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അതിനിടെ, മരിച്ച അതുലിനെ ഫോണില്‍ വിളിച്ച് ദിലീപ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അത് ഒരുവര്‍ഷം മുന്‍പത്തേതാണെന്നാണ് പോലീസ് പറയുന്നത്.

സിന്ധുവിന്റെ പരാതിയില്‍ ദിലീപിനെയും സിന്ധുവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നതായും സിന്ധു നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ചേര്‍ത്ത് ദിലീപിനെതിരേ കേസെടുത്തിരുന്നതായും പോലീസ് പറയുന്നു.

കേസന്വേഷണം ലോക്കല്‍ പോലീസില്‍നിന്ന് മാറ്റണം -കോണ്‍ഗ്രസ്

വൈപ്പിന്‍: സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസിന്റെ അനാസ്ഥ ആരോപിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിലുണ്ടായിട്ടുള്ള ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.