ചാലക്കുടി: പട്ടണത്തിലെ ലോഡ്ജ്മുറിയില്‍ ബന്ധുക്കളായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആദ്യം കണ്ടത് യുവതിയുടെ 12-ഉം 10-ഉം വയസ്സുള്ള മക്കള്‍. കുട്ടികള്‍ തൊട്ടടുത്ത മുറിയിലുള്ളവരെ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. 

ആമ്പല്ലൂര്‍ മരോട്ടിച്ചാല്‍ സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സാബുവിന്റെ മകന്‍ സജിത്തി(36)നെയും ബന്ധുവായ ഈറോഡ് ഇരിങ്ങാല്‍ സ്ട്രീറ്റില്‍ ലക്ഷ്മി നഗറില്‍ പരമേശ്വരന്റെ മകള്‍ അനിത(33)യെയുമാണ് മരിച്ചനിലയില്‍ കണ്ടത്. ചാലക്കുടി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് മുമ്പില്‍ സിറ്റി ലോഡ്ജിലെ മുറിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. 

അനിത വിവാഹിതയാണ്. കുറച്ചുനാള്‍ മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടികളുമായി സുജിത്തിനൊപ്പമായിരുന്നു താമസം. കുട്ടികള്‍ക്കൊപ്പം വെള്ളിയാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ അഞ്ചിന് കുട്ടികള്‍ ഉണര്‍ന്നപ്പോഴാണ് ഇരുവരെയും തൂങ്ങിയനിലയില്‍ കണ്ടത്. ഒരാഴ്ച മുമ്പ് ഇതേ ലോഡ്ജില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ച് തിരിച്ചുപോയിരുന്നു. വെള്ളിയാഴ്ച വീണ്ടുമെത്തുകയായിരുന്നു. 

ആലപ്പുഴയില്‍ താമസിച്ചിരുന്ന ഇവര്‍ അങ്കമാലിയില്‍ പുതിയ താമസസ്ഥലം എടുത്തിരുന്നു. സുജിത്തിന് ആശാരിപ്പണിയായിരുന്നു. സാമ്പത്തികബുദ്ധിമുട്ടാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണത്തിനായി വിട്ടുകൊടുത്തു. ചാലക്കുടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

അവരപ്പോഴും പറഞ്ഞു, ഞങ്ങള്‍ക്ക് അവരുടെ ഒപ്പം പോകണം

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നിലെത്തിയപ്പോഴും ആ കുഞ്ഞുങ്ങള്‍ പറഞ്ഞു, ഞങ്ങള്‍ക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം പോകണം. കണ്‍തുറന്നപ്പോള്‍ കണ്ട കാഴ്ചയുടെ ആഴം അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. 

നേരത്തെ സങ്കടം അടക്കാന്‍ പാടുപെട്ട് ആ 12-കാരി പോലീസിനോട് പറഞ്ഞു. കുറച്ചുദിവസമായി അമ്മയുടെയും മറ്റും സംസാരത്തില്‍നിന്ന് എന്തോ സംഭവിക്കുമെന്ന് തോന്നിയിരുന്നെന്ന്. അതുകൊണ്ടുതന്നെ ഉറക്കത്തിനിടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ ചാടിയെണീറ്റ് പത്തുവയസ്സുകാരനായ അനിയനെ വിളിച്ചു. മുറിയിലെ ലൈറ്റ് ഓണ്‍ചെയ്തപ്പോള്‍ കണ്ട കാഴ്ചയുടെ ആഘാതത്തില്‍ അവര്‍ തൊട്ടടുത്ത മുറിയിലേക്കോടി വിവരം പറഞ്ഞു. 

വനിതാ പോലീസിന്റെ സഹായത്താല്‍ ആദ്യം ചാലക്കുടി സ്‌റ്റേഷനിലേക്ക് മാറ്റിയ കുട്ടികള്‍ പതുക്കെ സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് മോചിതരായി. അപ്പോഴും എന്തോ അപകടമുണ്ടെന്നേ അവര്‍ മനസിലാക്കിയിരുന്നുള്ളൂ. മാത്രമല്ല, ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുകയും ചെയ്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: woman and her relative found dead in lodge room in chalakkudy