മധുര: തമിഴ്‌നാട്ടിലെ മധുര ആണ്ടിപ്പെട്ടിയില്‍ ഭര്‍തൃമതിയായ യുവതിയെയും കാമുകനെയും നടുറോഡിലിട്ട് കുത്തിക്കൊന്നു. മധുര തെര്‍ക്കുത്തേരി സ്വദേശികളായ വി.അയ്യമ്മാള്‍(26) എ.അന്‍പുനാഥന്‍(32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ആണ്ടിപ്പെട്ടിയിലെ നായ്ക്കര്‍പ്പെട്ടി റോഡിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ ഒരു സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അന്‍പുനാഥനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. എട്ട് വര്‍ഷം മുമ്പ് വിവാഹിതയായ അയ്യമ്മാളിന് രണ്ട് കുട്ടികളാണുള്ളത്. ഇതിനിടെയാണ് അന്‍പുനാഥനുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് അയ്യമ്മാളും അന്‍പുനാഥനും ഒരുമിച്ച് താമസം തുടങ്ങി. എന്നാല്‍ അന്‍പുനാഥനുമായുള്ള ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും മറ്റൊരിടത്തേക്ക് താമസം മാറ്റിയെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തി.
കുത്തിപരിക്കേല്‍പ്പിച്ച ശേഷം അന്‍പുനാഥന്റെ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: woman and her paramour killed in madurai tamilnadu