പാലക്കാട്: വീട്ടമ്മയെയും സുഹൃത്തിനെയും മുട്ടിക്കുളങ്ങരയ്ക്കടുത്ത് വാര്‍ക്കാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടൂര്‍ നാമ്പുള്ളിപ്പുര വീട്ടില്‍ രമ്യ (34), പറളി എടത്തറ കിഴക്കഞ്ചേരിക്കാവ് പാണ്ടന്‍പാടം വീട്ടില്‍ സജീവ് (37) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കണ്ടെത്തിയ സമയത്ത് റെയില്‍വേ ട്രാക്കിനരികിലുണ്ടായിരുന്ന യുവതിയുടെ രണ്ട് മക്കളെയും പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി. ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. വീട്ടമ്മയെ വെള്ളിയാഴ്ചമുതല്‍ കാണാതായതായി ഭര്‍ത്താവ് ശിവദാസന്‍ കോങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

രമ്യയെയും എട്ടുവയസ്സുള്ള പെണ്‍കുട്ടിയെയും മൂന്നുവയസ്സുള്ള ആണ്‍കുട്ടിയെയും വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു പരാതി. ചെറുപ്പംമുതല്‍ പരിചയക്കാരനായിരുന്ന സജീവിനൊപ്പമാണ് രമ്യ കുട്ടികളുമായി പോയതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സജീവും വിവാഹിതനാണ്.

ഞായറാഴ്ച രാവിലെ വാര്‍ക്കാട് ഭാഗത്തെത്തിയ യുവാവും യുവതിയും കുട്ടികളുമായി റെയില്‍വേ ട്രാക്കിനടുത്ത് നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇവിടെ നില്‍ക്കുന്നത് അപകടമാണെന്ന് സമീപവാസികള്‍ പറഞ്ഞിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞശേഷം ഇരുവരും കുട്ടികളുമായി ട്രാക്കിനരികില്‍നിന്ന് മാറിപ്പോയതായി സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. പിന്നീട് ഉച്ചതിരിഞ്ഞും ഇവര്‍ കുട്ടികളോടൊപ്പം ട്രാക്കിനടുത്തെത്തി.

യുവതി തീവണ്ടിക്ക് മുന്നില്‍ച്ചാടുന്നത് കണ്ടതായി ഒരു ട്രാക്ടര്‍ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ യുവാവും ചാടിയെന്ന് പോലീസിന് വിവരം ലഭിച്ചു. ട്രാക്കിനരികില്‍ നില്‍ക്കുകയായിരുന്ന കുട്ടികളെ ട്രാക്ടര്‍ ഡ്രൈവര്‍ ഓടിയെത്തി ഇവിടെനിന്ന് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹേമാംബിക നഗര്‍ പോലീസ് പിന്നീട് കുട്ടികളെ ഇരുവരെയും അച്ഛന് കൈമാറി.

മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മോര്‍ച്ചറി അധികൃതര്‍ എതിര്‍ത്തു. രണ്ട് മണിക്കൂറിനുശേഷം പോലീസ് രേഖകള്‍ തയ്യാറാക്കിനല്‍കിയതോടെയാണ് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും പരാതിയെത്തുടര്‍ന്ന് വനിതാ ഹെല്‍പ്പ് ലൈന്‍ ഇടപെട്ട് നേരത്തെ മധ്യസ്ഥശ്രമം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.