കൊച്ചി: പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ചക്കരപ്പറമ്പ് സ്വദേശി ഡയാനയുടെ ഭര്‍ത്താവ് ജിപ്‌സണ്‍, ഇയാളുടെ പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജിപ്‌സണിന്റെ മാതാവും പ്രതിയാണെങ്കിലും ഇവരെ പിടികൂടിയിട്ടില്ല. 

സ്ത്രീധനത്തിന്റെ പേരില്‍ ഡയാനയെയും പിതാവ് ജോര്‍ജിനെയും ജിപ്‌സണും കുടുംബവും ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പ്രതികള്‍ ജോര്‍ജിന്റെ കാല്‍ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം. 

ഇതോടെ പോലീസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു. സ്ത്രീധന പീഡനം ചുമത്താതെ പോലീസ് വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ടായി. തുടര്‍ന്ന് വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ജിപ്‌സണിന്റെ മാതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. 

ജിപ്സണും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് ഡയാനയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 12-നായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു. വിവാഹസമയത്ത് 50 പവനോളം നല്‍കിയിരുന്നു. ഇത് പോരെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയതെന്നാണ് ഡയാന പറയുന്നത്.

അടിവയറ്റില്‍ ഇടിക്കുകയും മുഖം മതിലില്‍ ഉരയ്ക്കുകയും ചെയ്തു. ഭക്ഷണവും നല്‍കിയില്ല. വിവരം വീട്ടിലറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പിടിച്ചുവാങ്ങി. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണം എടുത്തു കഴിച്ച ഡയാനയെ വീട്ടില്‍നിന്ന് പുറത്താക്കി. ഒടുവില്‍ ഡയാനയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞെത്തി.

വിവാഹം നടത്താന്‍ ഇടനില നിന്ന വൈദികന്‍ ഇതില്‍ ഇടപെടുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. പിന്നീടും ശാരീരിക പീഡനം തുടര്‍ന്നതോടെ ഡയാന ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങുകയും ജൂലായ് 12-ന് വനിതാ പോലീസില്‍ പരാതി നല്‍ക്കുകയും ചെയ്തു. വനിതാ പോലീസ് ഇരുവരെയും വിളിപ്പിക്കുകയും 22-ന് കൗണ്‍സലിങ്ങിന് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പ്രശ്‌നം പരിഹാരിക്കാന്‍ വീണ്ടും ഡയാന തിരികെപ്പോകാന്‍ സന്നദ്ധയായി. തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഡയാനയുടെ പിതാവ് ജോര്‍ജ് പച്ചാളത്തെ വീട്ടിലെത്തി. എന്നാല്‍ ഇവിടെവെച്ച് ജിപ്സണും കുടുംബവും ചേര്‍ന്ന് ജോര്‍ജിനെ മര്‍ദിച്ചു. മര്‍ദനത്തില്‍ ജോര്‍ജിന്റെ കാലും വാരിയെല്ലും ഒടിഞ്ഞു.

പിന്നാലെ ജൂലായ് 18-ന് ഡയാന നേരിട്ടെത്തി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ മാത്രമാണ് പോലീസ് നടപടിയെടുത്തതെന്നും ഗാര്‍ഹിക പീഡനത്തില്‍ കേസെടുത്തില്ലെന്നും ഡയാന ആരോപിച്ചിരുന്നു. 

Content Highlights: woman and her father brutally attacked in pachalam on dowry issue accused arrested