ചെന്നൈ: കൊതുകിനെ തുരത്താൻ എ.സി. കിടപ്പുമുറിയിൽ കരി പുകച്ചത് ശ്വസിച്ച വീട്ടമ്മയ്ക്കും കൊച്ചുമകനും ദാരുണാന്ത്യം. പല്ലാവരത്തിനടുത്ത് പമ്മൽ തിരുവള്ളുവർ സ്ട്രീറ്റിൽ താമസിക്കുന്ന പുഷ്പലക്ഷ്മി (55), ഇവരുടെ മകൾ മല്ലികയുടെ മകൻ വിശാൽ (11) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന പുഷ്പലക്ഷ്മിയുടെ ഭർത്താവ് ചൊക്കലിംഗം (61), മല്ലിക (38) എന്നിവർ ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് പുക ഉയരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നാലു പേരെയും ഉടൻ ക്രോംപെട്ട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും പുഷ്പലക്ഷ്മിയെ രക്ഷിക്കാനായില്ല. എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് വിശാൽ മരിച്ചത്. ചികിത്സയിലുള്ള മറ്റു രണ്ടു പേരുടെ നിലയും ഗുരുതരമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂവെങ്കിലും പുകയാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ബുധനാഴ്ച രാത്രി കിടക്കുന്നതിനുമുമ്പ് കൊതുകിനെ തുരത്താൻ കിടപ്പുമുറിയിൽ പുഷ്പലക്ഷ്മി കരി പുകച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എ.സി. പ്രവർത്തിച്ചിരുന്ന ഈ മുറിയുടെ വാതിലും ജനലുകളും അടഞ്ഞുകിടക്കുകയായിരുന്നു. പുക പുറത്തുപോകാതെ മുറിയിൽ തങ്ങിനിന്നുവെന്നാണ് കണക്കു കൂട്ടുന്നത്. ഉറക്കത്തിലായിരുന്ന വീട്ടുകാർ ഇതു ശ്വസിച്ച് അബോധാവസ്ഥയിലായി. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായും ശങ്കർനഗർ പോലീസ് അറിയിച്ചു.

Content Highlights: woman and grandson dies in chennai