ബെംഗളൂരു: സിവിൽ എൻജിനിയർ ജോലി ഉപേക്ഷിച്ച് നഗരത്തിലെ കഞ്ചാവുവിൽപ്പന സംഘത്തോടൊപ്പം ചേർന്ന യുവതിയും സുഹൃത്തും പിടിയിൽ. ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി രേണുക (25), സുഹൃത്തും ബിഹാർ സ്വദേശിയുമായ സുധാംശു സിങ്ങ് (21) എന്നിവരാണ് സദാശിവനഗർ പോലീസിന്റെ പിടിയിലായത്. ന്യൂബെൽ റോഡിലെ ഐ.ടി.ഐ. പാർക്കിന് സമീപം യുവതിയും യുവാവും കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് പോലീസെത്തി ഇരുവരെയും പിടികൂടിയത്. രേണുകയുടെ ബാഗിൽനിന്ന് രണ്ടരക്കിലോ കഞ്ചാവും 6,500 രൂപയും കണ്ടെടുക്കുകയും ചെയ്തു.

രേണുകയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഇവർ ചെന്നൈയിലെ ഒരു സ്ഥാപനത്തിൽ സിവിൽ എൻജിനിയറായിരുന്നെന്നും ജോലി രാജിവെച്ച ശേഷം കഞ്ചാവ് സംഘത്തിനൊപ്പം ചേരുകയായിരുന്നുവെന്നും അറിഞ്ഞത്. ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവർക്ക് സ്ഥാപനത്തിൽനിന്ന് കിട്ടുന്ന ശമ്പളം തികയാതെ വന്നതോടെതാണ് കഞ്ചാവ് സംഘത്തോടൊപ്പം ചേർന്നതെന്ന് പോലീസ് പറഞ്ഞു. രേണുകയുടെ സഹപാഠിയായിരുന്ന സിദ്ധാർഥ് എന്നയാളാണ് കഞ്ചാവ് സംഘവുമായി ഇവരെ ബന്ധപ്പെടുത്തിയത്. നഗരത്തിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിവരുന്നയാളാണ് സിദ്ധാർഥ്.

രേണുകയും സിദ്ധാർഥും ചേർന്ന് ഒഡിഷയിൽനിന്ന് കഞ്ചാവ് നേരിട്ടെത്തിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രേണുകയെ വിൽപ്പനയിൽ സഹായിക്കാൻ സിദ്ധാർഥാണ് സുധാംശുവിനെ നിയോഗിച്ചത്. ലോക്ഡൗണായതോടെ കഞ്ചാവിന്റെ ലഭ്യതകുറഞ്ഞതിനാൽ വലിയ വിലയ്ക്കാണ് കൈവശമുള്ള കഞ്ചാവ് ഇവർ വിറ്റഴിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സിദ്ധാർഥിനെയും ഇവരുടെ സംഘത്തിലുള്ള മറ്റുള്ളവരെയും കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.