മധുര: തമിഴ്നാട്ടിലെ മധുര മേലൂരിൽ അമ്മയെയും മകളെയും വീട്ടിൽ കയറി വെട്ടിക്കൊന്നു. മേലൂർ പതിനെട്ടാംകുടി ഗ്രാമത്തിലെ നീലാദേവി(47), ഇളയമകൾ അഖിലാണ്ഡ ഈശ്വരി(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നീലാദേവിയുടെ മൂത്തമകൾ മഹേശ്വരിയുടെ കാമുകൻ പുതുപ്പട്ടി സ്വദേശി ശശികുമാറിനെ(27) പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പുലർച്ചെയോടെയാണ് വീട്ടിൽ ഉറങ്ങുകയായിരുന്ന നീലാദേവിയെയും മകളെയും ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചത്. വെട്ടേറ്റ ഇരുവരും തൽക്ഷണം മരിച്ചു. വിവരമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ട് സുജിത്ത് കുമാർ, റെയ്ഞ്ച് ഡിവൈ.എസ്.പി. രഘുപതി രാജ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശശികുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നീലാദേവിയുടെ മൂത്തമകളായ മഹേശ്വരി(24)യുടെ കാമുകനാണ് ശശികുമാറെന്ന് പോലീസ് പറഞ്ഞു. മഹേശ്വരി വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം തേർക്കുപ്പെട്ടിയിലാണ് താമസം. എന്നാൽ ശശികുമാറുമായി രഹസ്യബന്ധവുമുണ്ടായിരുന്നു. അടുത്തിടെ മകളും ശശികുമാറും തമ്മിലുള്ള രഹസ്യബന്ധം നീലാദേവി അറിയാനിടയായി. തുടർന്ന് ഇക്കാര്യത്തെച്ചൊല്ലി നീലാദേവിയും മഹേശ്വരിയും വഴക്കുണ്ടായി. രഹസ്യബന്ധത്തിൽനിന്ന് പിന്മാറണമെന്ന് പല തവണ ആവശ്യപ്പെട്ടു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ മഹേശ്വരിക്കും പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Content Highlights:woman and daughter hacked to death in madurai