പത്തനംതിട്ട: ഭർത്താവിനെ ജ്യാമത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും ബലാത്സംഗം നടത്തി നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്നയാൾ കീഴടങ്ങി. സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർ പഴകുളം പന്ത്രണ്ടാംകുഴിയിൽ അബ്ദുൾ റഹ്മാൻ (30)ആണ് പത്തനംതിട്ട വനിതാ സി.െഎ. എ.ആർ.ലീലാമ്മ മുൻപാകെ ബുധനാഴ്ച കീഴടങ്ങിയത്. കേസിലുൾപ്പെട്ട ഇയാളുടെ ഭാര്യ സന(26)നെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്.
2019 മാർച്ച് മുതൽ നടന്ന സംഭവങ്ങളിൽ കഴിഞ്ഞമാസമാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്.
ഒരു കേസ്സിൽപ്പെട്ട് ജയിലിലായിരുന്ന ഭർത്താവിനെ പുറത്തിറക്കാമെന്ന് പറഞ്ഞായിരുന്നു അഞ്ച് ലക്ഷം രൂപ യുവതിയിൽനിന്ന് ഇയാൾ വാങ്ങിയത്. വീട് പണയപ്പെടുത്തിയാണ് പണം നൽകിത്.
പാർട്ടി സെക്രട്ടറിയുടെ ഡ്രൈവറായിരിക്കെയായിരുന്നു അബ്ദുൾ റഹ്മാൻ പ്രശ്നത്തിൽ ഇടപെട്ടത്.
അഭിഭാഷകനെ കാണാനെന്നുപറഞ്ഞ് യുവതിയെ കൊട്ടാരക്കരയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ഭർത്താവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഇത് നിരവധിതവണ ആവർത്തിച്ചെന്നും പറയുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
ഭർത്താവ് ജയിലിൽനിന്നിറങ്ങിയപ്പോഴാണ് യുവതിക്ക് വഞ്ചന മനസ്സിലായത്. അഞ്ച് ലക്ഷം തിരിച്ചുചോദിച്ചതോടെ അബ്ദുൾ റഹ്മാൻ, ഭാര്യയുടെ മൊബൈലിൽ നിന്ന് നഗ്നദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുത്തു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ എത്തിയതോടെ യുവതി ആത്മഹത്യയ്ക്കും ശ്രമിച്ചു.
അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇതിലുൾപ്പെട്ട എല്ലാവരേയും പുറത്താക്കിയെന്ന് സി.പി.എം. അറിയിച്ചു. അബ്ദുൾ റഹ്മാനെ വീഡിയോ കോൺഫറൻസ് വഴി അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Content Highlights:woman alleges rape and private video circulated on social media accused surrendered