വഡോദര: ഭർത്താവും ഭർതൃവീട്ടുകാരും വിവിധ വെബ്സൈറ്റുകളിൽ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവതിയുടെ പരാതി. വഡോദര വഗോഡിയ റോഡ് സ്വദേശിയും ഐ.ടി. ജീവനക്കാരിയുമായ പ്രിയ സിങ്ങാണ് ഭർത്താവായ പ്രകാശിനും മാതാപിതാക്കൾക്കും എതിരേ മകർപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ചേർന്ന് വിവിധ മാട്രിമോണിയൽ വെബ്സൈറ്റുകളിലും എസ്കോർട്ട് സർവീസ് പോർട്ടലുകളിലും തന്റെ ചിത്രം പ്രചരിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഫെബ്രുവരി മുതൽ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. ഇതിനുപിന്നാലെയാണ് നാല് മാട്രിമോണിയൽ വെബ്സൈറ്റുകളിൽ വിവിധ പ്രൊഫൈലുകൾ നിർമിച്ച് യുവതിയുടെ ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യത്തിൽ പ്രതികരിച്ചതോടെ പ്രകാശ് ചിത്രങ്ങൾ നീക്കംചെയ്തു. എന്നാൽ ഇതിനുശേഷം വിവിധ എസ്കോർട്ട് സർവീസ് പോർട്ടലുകളിലും ചിത്രം പ്രചരിപ്പിച്ചതോടെയാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും തന്റെ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും ഇവർ അപവാദം പ്രചരിപ്പിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്. 2017-ലാണ് പ്രകാശും പ്രിയ സിങ്ങും വിവാഹിതരായത്. ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് യുവതി നിലവിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസം.

Content Highlights:woman alleges husband uploaded her photos in matrimonial websites filed complaint