ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മെട്രോ ട്രെയിനില്‍ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തിയതായി പരാതി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍നിന്ന് ഗുരുഗ്രാമിലേക്ക് യാത്രചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി ട്വീറ്റ് ചെയ്തു. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി ട്രെയിനിലെ ഏഴാമത്തെ കോച്ചിലാണ് യാത്രചെയ്തിരുന്നത്. സീറ്റില്‍ ഇരിക്കുകയായിരുന്ന തനിക്ക് നേരേ യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Read Also: പൊളിക്കാത്ത നിലക്കടലയ്ക്കുള്ളിലും മീറ്റ് ബോള്‍സിലും വിദേശ കറന്‍സി; അന്തംവിട്ട് ഉദ്യോഗസ്ഥര്‍...

ഏറെനേരം തന്നെ തുറിച്ചുനോക്കിയ ഇയാള്‍ മുന്‍വശത്തുണ്ടായിരുന്ന ചെറിയ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏത് സ്റ്റേഷനിലാണ് ഇയാള്‍ ഇറങ്ങിപ്പോയതെന്ന് ശ്രദ്ധിച്ചില്ലെന്നും യുവതി പറഞ്ഞു. 

Read Also: വിവാഹം കഴിഞ്ഞ് വധുവിനൊപ്പം മടങ്ങിയ വരനെ കാണാതായി; പിന്നെ കണ്ടത് മൃതദേഹം...

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ(155370) സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ(155655) ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവസമയം തനിക്ക് പരാതി അറിയിക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണെന്നും പിന്നീട് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് പരാതി നല്‍കിയതെന്നും യുവതിയും വ്യക്തമാക്കി.  

Content Highlights: woman alleges complaint against a youth, he flashes private parts in delhi metro