ഹൈദരാബാദ്: ലൈംഗികമായി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ അഭിഭാഷകയുടെ പരാതിയിൽ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ മുതിർന്ന അഭിഭാഷകനായ 50 വയസ്സുകാരനാണ് പോലീസിന്റെ പിടിയിലായത്.

ആദ്യം മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ബ്ലാക്ക്മെയിൽ ചെയ്തും വിവാഹവാഗ്ദാനം നൽകിയും നിരന്തരം പീഡിപ്പിച്ചെന്നാണ് വനിതാ അഭിഭാഷകയുടെ പരാതി. 2011-ൽ വനിതാ അഭിഭാഷക നിയമ വിദ്യാർഥിനിയായിരിക്കുന്ന സമയത്താണ് അഭിഭാഷകനെ ആദ്യം പരിചയപ്പെടുന്നത്. നാല് വർഷത്തിന് ശേഷം ഇയാളുടെ ഓഫീസിൽവെച്ചാണ് ആദ്യമായി പീഡനത്തിനിരയായത്.

ഓഫീസിലേക്ക് വിളിച്ചുവരുത്തി ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമായിരുന്നു പീഡനം. പിന്നീട് ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പീഡനം തുടർന്നു. ഇതിനിടെ വിവാഹവാഗ്ദാനവും നൽകി. ഇതേത്തുടർന്ന് അഭിഭാഷകനും യുവതിയും ഒരുമിച്ചായിരുന്നു താമസം. എന്നാൽ 2019-ൽ അഭിഭാഷകൻ തന്നെ ഉപേക്ഷിച്ചെന്നും വനിതാ അഭിഭാഷക പരാതിയിൽ പറയുന്നു.

ഇത്രയും സംഭവങ്ങളുണ്ടായിട്ടും വനിതാ അഭിഭാഷക പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്പ് അഭിഭാഷകൻ വീണ്ടും ഇവർക്ക് മൊബൈലിൽ സന്ദേശങ്ങളയച്ചു. ഇതോടെയാണ് യുവതി ഹൈദരാബാദ് സരൂർനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പിടിയിലായ അഭിഭാഷകനെതിരേ നേരത്തെയും സമാനമായ കേസുകളുണ്ടെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പോലീസ് പറഞ്ഞു.

Content Highlights:woman advocate filed rape case a senior advocate arrested in hyderabad