എടത്വാ: മകനെ കടയിൽ ഉപേക്ഷിച്ചുപോയ അമ്മയെയും കാമുകനെയും എടത്വാ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞമാസം നടന്ന സംഭവത്തിൽ തിരുവല്ല കുറ്റപ്പുഴ സ്വദേശിനിയും ചമ്പക്കുളം സ്വദേശിയുടെ ഭാര്യയുമായ വിദ്യ (26), ഹരിപ്പാട് മണ്ണാറശാല കോളാറ്റുപടിറ്റതിൽ ഉണ്ണിക്കണ്ണൻ (32) എന്നിവരാണ് പിടിയിലായത്.

എടത്വായിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ നാലുവയസ്സുള്ള മകനെ ഉപേക്ഷിച്ചിട്ടാണ് ഉണ്ണിക്കണ്ണനൊപ്പം വിദ്യ പോയത്. കരുവാറ്റയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരെയും വെള്ളിയാഴ്ച പുലർച്ചേ എടത്വാ പോലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. എസ്.ഐ. വിജയകുമാർ, ഗോപൻ, പ്രേംജിത്ത്, രജനിഷ്, ഗാർഗി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡുചെയ്തു.

കൊലക്കേസ് പ്രതി

ഒരു ക്ഷേത്രത്തിൽ പോയി താലികെട്ടിയശേഷമാണ് ഇവർ കരുവാറ്റയിൽ ഒളിവിൽ താമസിച്ചിരുന്നത്. ഉണ്ണിയുടെ മൂന്നാമത്തെ വിവാഹമാണിതെന്ന് പോലീസ് പറയുന്നു. ആദ്യം മുതുകുളം സ്വദേശിനിയെയാണ് വിവാഹംകഴിച്ചത്. പിന്നീട് ചെറുതന സ്വദേശിനിയും വിവാഹിതയുമായ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഈ ബന്ധത്തിൽ നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് ഉണ്ണി കഴിഞ്ഞമാസം വിദ്യക്കൊപ്പം കൂടിയത്. തുടർന്ന് വിദ്യയുടെ മകനെ ഉപേക്ഷിച്ച് ഇരുവരും കടക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എടത്വാ പോലീസാണ് സ്വകാര്യ സ്ഥാപനത്തിൽനിന്ന് കുഞ്ഞിനെ വിദ്യയുടെ ഭർത്താവിന്റെ അടുത്തെത്തിച്ചത്.

ഉണ്ണിക്കണ്ണൻ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടുചെയ്ത കൊലപാതകക്കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Content Highlights:woman abandoned her son in shop arrested with lover