കോട്ടയം:  ലൈംഗികബന്ധത്തിനായി പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരന്‍. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും സഹോദരിയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും സഹോദരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

'ഇവളെ ഭയങ്കര ഭീഷണിയായിരുന്നു. കൊച്ചുങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞിരുന്നു. ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞത്. അവളെ തല്ലത്തില്ല, പക്ഷേ, മാനസികമായി തളര്‍ത്തിക്കളഞ്ഞിട്ടാണ് ഇതൊക്കെ. അത്രത്തോളം അവളെ ഹരാസ് ചെയ്തിട്ടുണ്ട്. അങ്ങനെ ലാസ്റ്റ് ആ വ്‌ളോഗ് വന്നപ്പോളാണ് കാര്യങ്ങള്‍ അറിയുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ അമ്മയാണ് കുറച്ചുകാര്യങ്ങള്‍ പറഞ്ഞത്. എന്നോട് വ്‌ളോഗ് കേള്‍ക്കാന്‍ പറഞ്ഞു. അത് കുറച്ചുകേട്ടപ്പോളേ എന്റെ മനസ് തകര്‍ന്നുപോയി'- പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു. 

പലരീതിയിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും സഹോദരിയെ അവരുടെ ഭര്‍ത്താവ് ഇരയാക്കിയിരുന്നു. മുമ്പ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് കൗണ്‍സിലിങ്ങിലൂടെ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തതെന്നും സഹോദരന്‍ വെളിപ്പെടുത്തി. 

വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷത്തോളം പ്രശ്‌നമുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഭര്‍ത്താവ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചുതുടങ്ങിയത്. രണ്ടുവര്‍ഷം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കൗണ്‍സിലിങ് നടത്തി ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പോകാനാണ് യുവതിയും താത്പര്യം കാണിച്ചത്. എന്നാല്‍ പിന്നീടും ഉപദ്രവം തുടരുകയായിരുന്നു. പലയിടത്തും പോകുമ്പോള്‍ കുട്ടികളെ ഉറക്കികിടത്തിയ ശേഷമാണ് ഭര്‍ത്താവ് യുവതിയെ മറ്റുള്ളവരുടെ അടുത്തേക്ക് പറഞ്ഞയച്ചിരുന്നത്. ആത്മഹത്യാഭീഷണി മുഴക്കിയും കുട്ടികളെ മര്‍ദിച്ചും ഇയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും ഭീതിയില്ലാതെ അവള്‍ ഉറങ്ങുന്നത് ഇപ്പോളാണെന്നും സഹോദരന്‍ പറഞ്ഞു. 

പങ്കാളികളെ കൈമാറിയ കേസില്‍ ആറുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആകെ ഒമ്പത് പേരാണ് പരാതിക്കാരിയെ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു. അതിനിടെ, പരാതിക്കാരിയെ കഴിഞ്ഞദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. 

Content Highlights: Couple Swap Case Kottayam