അഗർത്തല: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിൽ കുഴിച്ചിട്ട ശേഷം ഭാര്യ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ത്രിപുരയിലെ ധാലായ് ജില്ലയിലെ സഞ്ജിത് റീങ്(30) എന്നയാളെയാണ് ഭാര്യ ഭാരതി(25) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവതി പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിവരിച്ചതോടെ പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. കിടപ്പുമുറിയിൽ മണ്ണിട്ട് കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തു.

ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വിശദമായ മൃതദേഹപരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം, പ്രതിയെ ചോദ്യംചെയ്തെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിശദമായി ചോദ്യംചെയ്യുമ്പോൾ ഇതിൽ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ദമ്പതിമാർക്ക് ആറ് വയസുള്ള മകളുണ്ട്.

Content Highlights:wife killed husband and buries him in bedroom