ലഖ്‌നൗ: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് മൂത്തമകളെ വീടിന്റെ ടെറസില്‍നിന്നും താഴേക്ക് എറിഞ്ഞു. ഉത്തര്‍പ്രദേശിലെ പാര്‍ദ്വാലി ഗ്രാമത്തിലാണ് സംഭവം. 

പാര്‍ദ്വാലിലെ അരവിന്ദ് ഗാങ്വാര്‍ എന്നയാളാണ് 18 മാസം പ്രായമുള്ള മകള്‍ കാവ്യയെ ടെറസില്‍നിന്നും താഴേക്ക് എറിഞ്ഞത്. അഞ്ച് ദിവസം മുമ്പാണ് അരവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

എന്നാല്‍ ആണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്ന അരവിന്ദ്, ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ നിരാശനായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം വീട്ടിലെത്തിയ അരവിന്ദ് മൂത്തമകള്‍ കാവ്യയെ വീടിന്റെ ടെറസില്‍നിന്നും താഴേക്ക് എറിഞ്ഞത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലാണ്. സംഭവത്തില്‍ അരവിന്ദ് ഗാങ്വാറിനെ അറസ്റ്റ് ചെയ്തതായും, സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു.