ഉപ്പുതറ: ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിളയിൽ സാജുവിന്റെ ഭാര്യ ബിന്ദു(40) ആണ് മരിച്ചത്.

അയ്യപ്പൻകോവിൽ ആലടിയിലെ വാടക വീടിനുള്ളിലാണ് ബിന്ദുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിടിച്ചുപറിക്കേസിൽ സാജുവിനെ പൊൻകുന്നം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് പൊൻകുന്നം പോലീസ് ചൊവ്വാഴ്ച ആലടിയിൽ എത്തിയപ്പോഴാണ് ഭർത്താവ് പിടിയിലായ വിവരം ബിന്ദു അറിഞ്ഞത്.

പോലീസ് പോയശേഷം 12 വയസ്സുള്ള മകനെ അടുത്ത വീട്ടിലാക്കി. വൈകീട്ട് ആറ് മണിയായിട്ടും മകനെ തിരക്കി വരാത്തതിനെ തുടർന്ന് അയൽ വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

ജനൽ പാളി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ ബിന്ദുവിനെ കണ്ടത്. ഉപ്പുതറ പോലീസ് കേസെടുത്തു. ഏതാനും വർഷമായി ഏലപ്പാറയിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുമാസം മുൻപാണ് ആലടിയിലെ വാടക വീട്ടിലെത്തിയത്.

വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിലൂടെ നടന്നുപോയ സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാനാണ് സാജു ശ്രമിച്ചത്. പിറ്റേന്ന് രാവിലെ 9.30-ന് അതേസ്ഥലത്തുവെച്ച് വഴിയാത്രക്കാരിയായ ഇളങ്ങുളം സ്വദേശിനിയുടെ കഴുത്തിൽനിന്ന് മൂന്നര പവനോളം വരുന്ന സ്വർണമാലകൾ പൊട്ടിച്ചെടുക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ഒട്ടേറ മോഷണക്കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കുന്നുംഭാഗത്ത് മാല പൊട്ടിച്ച സ്ഥലത്തുനിന്ന് ഇയാളുടെ ഫോൺ കിട്ടിയതും സി.സി.ടി.വി. ദൃശ്യങ്ങളും പ്രതിയെ കണ്ടെത്താൻ സഹായിച്ചു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:wife commits suicide after husband arrested in theft case