വഡോദര: ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് വഡോദര പാഡ്ര സ്വദേശി പുനി മാലി(35)യെയാണ് ഭർത്താവ് രാജേഷിനെ(52) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റേത് മദ്യലഹരിയിൽ തലയിടിച്ച് വീണുള്ള മരണമാണെന്നായിരുന്നു യുവതി ആദ്യം മൊഴി നൽകിയിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മർദനമേറ്റാണ് മരണമെന്ന് തെളിഞ്ഞു. ഇതോടെയാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചത്.

കുടുംബകലഹത്തെ തുടർന്ന് ദമ്പതിമാർ രണ്ടുപേരും അവരവരുടെ വീടുകളിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് മൂന്നാം തീയതി രാജേഷ് ഭാര്യയെ കാണാനായി അവരുടെ വീട്ടിലെത്തി. ഇതിനിടെ വഴക്കുണ്ടായെന്നും ഭർത്താവ് തന്റെ തലയിൽ പിടിച്ചുവലിച്ചപ്പോൾ നെഞ്ചിൽ ഇടിച്ച് തള്ളിമാറ്റിയെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. നിലത്തുവീണ ഭർത്താവിനെ ബോധം പോകുന്നത് വരെ ചവിട്ടുകയും മർദിക്കുകയും ചെയ്തു.

ഭർത്താവിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മദ്യലഹരിയിൽ നിലത്തുവീണ് അപകടം സംഭവിച്ചെന്നായിരുന്നു ഡോക്ടർമാരോടും പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർമാർ വിവരമറിയിച്ചതോടെ പോലീസെത്തി കേസെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട രാജേഷിന്റെ ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പുനി മദ്യത്തിന് അടിമയാണെന്നും രാജേഷ് അപൂർവമായേ മദ്യപിക്കാറുള്ളൂവെന്നും ബന്ധുക്കൾ പറഞ്ഞു. മരണം നടന്നിട്ട് തങ്ങളെ അറിയിച്ചില്ലെന്നും രക്ഷാബന്ധൻ ദിവസം സഹോദരി രാജേഷിനെ വിളിച്ചപ്പോഴാണ് കാര്യം പറഞ്ഞതെന്നും ഇവർ ആരോപിച്ചു. ഇതിനുപിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Content Highlights:wife arrested for killing husband