മുംബൈ:  ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റും ഫാഷന്‍ മോഡലായ മുണ്‍മുണ്‍ ധമേച്ചയുമാണ് പിടിയിലായത്. കോര്‍ഡെലിയ ക്രൂയിസ് കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മൂവരെയും എന്‍.സി.ബി. കസ്റ്റഡിയിലെടുത്തത്.  ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിരുന്നു. കേസില്‍ ഇവരെ കൂടാതെ മറ്റ് അഞ്ചുപേരെയും എന്‍.സി.ബി. പിടികൂടിയിട്ടുണ്ട്. 

MUNMUN DAMECHA
ആര്യന്‍ ഖാന്‍, മുണ്‍മുണ്‍ ധമേച്ച | Photo: Instagram/Aryan Khan & Facebook.com/Monarch Dhamecha(Munmun)

ആര്യന്‍ ഖാന് പിടിയിലായെന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ ഒപ്പമുള്ളവര്‍ ആരാണെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പിടിയിലായ അര്‍ബാസ് മര്‍ച്ചന്റ് ആര്യന്റെ ഉറ്റസുഹൃത്താണെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ മക്കളായ ആര്യനുമായും സുഹാന ഖാനുമായും അര്‍ബാസിന് അടുത്ത ബന്ധമാണുള്ളത്. ഏകദേശം 30000-ലേറെ പേരാണ് ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബ്ലി ഖാന്‍, നടി പൂജാ ബേദിയുടെ മകള്‍ അലയ, നടന്‍ ചങ്കി പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡെ, തുടങ്ങിയവരും അര്‍ബാസിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. അതിനിടെ, അലയയുമായി അര്‍ബാസ് പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ആര്യനും അര്‍ബാസും കഴിഞ്ഞദിവസം അറസ്റ്റിലായതോടെ ഇരുവരുടെയും നിരവധി ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്. 

MUNMUN DAMECHA
മുണ്‍മുണ്‍ ധമേച്ച. Photo: Facebook.com/Monarch Dhamecha(Munmun)

ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയാണ് മുണ്‍മുണ്‍ ധമേച്ച. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയാണ് മുണ്‍മുണ്‍. സാഗറിലെ വ്യാപാരിയായിരുന്ന അമിത് കുമാര്‍ ധമേച്ചയാണ് മുണ്‍മുണിന്റെ പിതാവ്. ഇദ്ദേഹം നേരത്തെ മരിച്ചു. കഴിഞ്ഞവര്‍ഷം മുണ്‍മുണിന്റെ മാതാവും അന്തരിച്ചു. 

MUNMUN
മുണ്‍മുണ്‍ ധമേച്ച. Photo: Facebook.com/Monarch Dhamecha(Munmun)

ഡല്‍ഹിയില്‍ ജോലിചെയ്യുന്ന പ്രിന്‍സ് ധമേച്ച സഹോദരനാണ്. സാഗര്‍ സ്വദേശിയാണെങ്കിലും മുണ്‍മുണിനെക്കുറിച്ചോ സഹോദരനെക്കുറിച്ചോ നാട്ടുകാര്‍ക്ക് അധികമായി ഒന്നുമറിയില്ല. സാഗറിലെ സ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം മുണ്‍മുണും കുടുംബവും ഭോപ്പാലിലായിരുന്നു താമസം. ആറുവര്‍ഷം മുമ്പ് സഹോദരനൊപ്പം ഡല്‍ഹിയിലേക്കും താമസംമാറി. 

MUNMUN
മുണ്‍മുണ്‍ ധമേച്ച. Photo: Facebook.com/Monarch Dhamecha(Munmun)

നടിയും ഫാഷന്‍ മോഡലുമാണെന്നാണ് 39-കാരിയായ മുണ്‍മുണ്‍ തന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ അവകാശപ്പെടുന്നത്. ഫാഷന്‍ ഷോകളില്‍ പങ്കെടുത്തത് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 9400-ഓളം പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. സാഗറിലെ ദീപക് മെമ്മോറിയല്‍ അക്കാദമിയിലാണ് പഠിച്ചതെന്നും ഇവര്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു. 

Content Highlights: who is munmun dhamecha and arbaaz merchant aryan khan relation