ന്യൂഡൽഹി: മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിലായതിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രീതി ചോക്സി രംഗത്ത്. ഭർത്താവിനെ തട്ടിക്കൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ കാമുകിയെന്ന് പറയുന്ന ബാർബറ ജറാബിക്ക എന്ന യുവതി ഇപ്പോൾ എവിടെയാണെന്നും പ്രീതി ചോദിച്ചു. മെഹുൽ ചോക്സിയുടെ കേസിൽ പലവിധ ആരോപണങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് പ്രീതി ചോക്സി ആദ്യമായി പ്രതികരിച്ചത്.

ബാർബറ എന്ന യുവതിയോടൊപ്പമാണ് മെഹുൽ ചോക്സി ആന്റിഗ്വയിൽനിന്ന് ഡൊമിനിക്കയിലേക്ക് കടന്നതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പ്രീതി ചോക്സിയുടെ ആരോപണം. ''ബാർബറ എന്ന പേരിൽ കാണിക്കുന്ന യുവതിയുടെ ചിത്രം പോലും ശരിയല്ല. ഇപ്പോൾ അവർ എവിടെയാണെന്ന് ആർക്കും അറിയുകയുമില്ല. ഒരു കുറ്റകൃത്യം നടന്നാൽ, അത് കണ്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവൾ ഒന്നും പറയാത്തത്. അതും ആർക്കും അറിയില്ല. അവളെ ഒരിക്കലും കണ്ടെത്താനും കഴിയില്ല''- പ്രീതി ചോക്സി പറഞ്ഞു.

വീടിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുണ്ടെന്നാണ് അവളുടെ അവകാശവാദം. അവൾ രണ്ടോ മൂന്നോ തവണ ആന്റിഗ്വയിൽ വന്നിട്ടുണ്ട്. ഓഗസ്റ്റിലും ഏപ്രിലിലും പിന്നീട് ഈ മെയിലും ആന്റിഗ്വയിൽ വന്നു. താൻ അവളെ നേരിട്ടുകണ്ടിട്ടില്ലെന്നും പ്രീതി ചോക്സി വ്യക്തമാക്കി.

ഭർത്താവിനോട് ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ ഒരുപാട് മുറിവുകളുമുണ്ട്. മാത്രമല്ല, മാനസികമായും ഏറെ ഉപദ്രവിക്കപ്പെട്ടു. നിയമം അനുസരിക്കുകയാണെങ്കിൽ അദ്ദേഹത്തെ ആന്റിഗ്വയിലേക്കാണ് തിരിച്ചയക്കേണ്ടത്. അതേസമയം, മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി പറഞ്ഞത് ഏറെ വേദനിപ്പിച്ചെന്നും പ്രീതി ചോക്സി പറഞ്ഞു.

സംഭവത്തിൽ ഡൊമിനിക്കൻ, ആന്റിഗ്വൻ അധികൃതർക്കെതിരേയും പ്രീതി ചോക്സി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. 'എന്റെ ഭർത്താവിനെ ഡൊമിനിക്കയിലാണ് കണ്ടെത്തിയതെങ്കിൽ അദ്ദേഹം പറഞ്ഞത് പോലെ തട്ടിക്കൊണ്ടുപോയതാണെന്ന് ഞാനും വിശ്വസിക്കുന്നു. പോലീസും അത് സ്ഥിരീകരിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഡൊമിനിക്കൻ പോലീസ് എവിടെയാണ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നത് ഒരു അന്താരാഷ്ട്ര കുറ്റകൃത്യമാണ്. പക്ഷേ, അതിന് കേസ് എവിടെ? ആ ബോട്ട് എവിടെപ്പോയി? അതിലുള്ള ആൾക്കാർ എവിടെ? എന്തുകൊണ്ടാണ് ബോട്ടിലെ ജിപിഎസ് ഓഫ് ചെയ്തതെന്നും പ്രീതി ചോദിച്ചു.

ആന്റിഗ്വയിൽനിന്ന് മാറിനിൽക്കേണ്ട ഒരു കാരണവും മെഹുൽ ചോക്സിക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ രണ്ട് കേസുകളാണുള്ളത്. ഇനി ആ കേസുകൾ തോൽക്കുകയാണെങ്കിൽ കരീബിയൻ സുപ്രീം കോടതിയെയും പ്രിവി കൗൺസിലിനെയും സമീപിക്കാൻ അവസരമുണ്ട്. പിന്നെ എന്ത് കാരണം കൊണ്ടാണ് ഇത്രയും സുരക്ഷിതമായ സ്ഥലത്തുനിന്ന് അദ്ദേഹം മാറിനിൽക്കാൻ കാരണമെന്നും ഭാര്യ ചോദിച്ചു.

Content Highlights:where is barbara mehul choksi wife asks questions