മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസില്‍ ആര്യന്‍ ഖാനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ആര്യന്‍ ലഹരി ഇടപാടുകളില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി സംഘം കോടതിയെ അറിയിച്ചു. കോടതിയില്‍ ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എന്‍.സി.ബി ശക്തമായ വാദങ്ങള്‍ നിരത്തിയത്.

കഴിഞ്ഞ 13 ദിവസമായി ജയിലില്‍ കഴിയുന്ന ആര്യനെ ഒരു കാരണവശാലും കേസില്‍ ജാമ്യം നല്‍കി പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ആര്യന്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നാണ് എന്‍.സി.ബി ഉന്നയിക്കുന്ന പ്രധാന വാദം. കേസില്‍ ബോളിവുഡിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളാനുള്ള സാധ്യതയാണ് ആര്യന്‍ പുതുമുഖ നായികയുമായി ചാറ്റ് ചെയ്തുവെന്ന് കോടതിയെ അറിയിച്ചതിലൂടെ എന്‍.സി.ബി വ്യക്തമാക്കുന്നത്.

കേസന്വേഷണം ഇതുവരെ ബോളിവുഡിലേക്ക് വ്യാപിപ്പിച്ചിരുന്നില്ല. ഒരു നിര്‍മാതാവിനെ മാത്രമാണ് ആഡംബരക്കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തത്. പുതുമുഖ നായിക ആരാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍.സി.ബി വ്യക്തമാക്കിയിട്ടില്ല. എന്തായാലും ആര്യന്‍ ഖാന് ജാമ്യം നിഷേധിക്കുന്നതരത്തിലുള്ള തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയാണ് എന്‍.സി.ബി നീങ്ങിയത്. വരും ദിവസങ്ങളില്‍ ബോളിവുഡില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകളുണ്ടാകാനാണ് സാധ്യത.

ആര്യന്‍ ഖാന് ലഹരി ഇടപാടുകളില്‍ നേരിട്ട് പങ്കുണ്ടെന്നും വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് എന്‍.സി.ബി വാദിക്കുന്നത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് താരപുത്രന് വിനയായത്. അതേസമയം ആര്യന്‍ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നല്‍കി ജാമ്യം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്യന്റെ അഭിഭാഷകന്‍. 

ഒക്ടോബര്‍ രണ്ടാം തീയതിയാണ് മുംബൈ തീരത്തെത്തിയ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴ് വരെ എന്‍.സി.ബി കസ്റ്റഡിയിലായിരുന്ന ആര്യനെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടുകയായിരുന്നു. കഴിഞ്ഞ 13 ദിവസമായി മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്.

Content Highlights: Whatsapp chat with new bollywood heroine on drugs deal became setback for Aryan Khan