പാലക്കാട്: കണ്ണന്നൂരില്‍ ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. 

ദേശീയപാതയ്ക്ക് സമീപത്തെ പറമ്പിലെത്തിയ തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയനിലയില്‍ വടിവാളുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്നും സംശയമുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. ശരീരത്തില്‍ 15 വെട്ടുകളേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി.യുടെ ആരോപണം. കേസില്‍ പ്രതികളെ കണ്ടെത്താന്‍ വൈകുന്നതിലും ബി.ജെ.പി. പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം, വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ.യുടെ ശക്തികേന്ദ്രങ്ങളിലും അന്വേഷണം നടത്തിവരികയാണ്. 

Content Highlights: weapons found from national highway kannannur palakkad