കല്പറ്റ: സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ ഫുട്‌ബോള്‍ ടര്‍ഫുകള്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ പോലീസ് മേധാവി. ജില്ലയിലെ ഫുട്ബോള്‍ ടര്‍ഫുകള്‍ ഇനിമുതല്‍ രാത്രി പത്തുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ പറഞ്ഞു.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് നടത്തിപ്പുക്കാര്‍ക്ക് നേരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങി രാത്രി വീട്ടിലേക്ക് തിരിച്ചുപോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതിനെത്തുടര്‍ന്നാണിതെന്നാണ് പോലീസിന്റെ വിശദീകരണം. രാത്രി ടൗണില്‍ കറങ്ങിനടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നതായുള്ള സൂചനകളൊന്നും പോലീസ് നല്‍കുന്നില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് നിയന്ത്രണമെന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്.

പോലീസിന്റെ നിലപാടിനുനേരെ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനമുയരുന്നുണ്ട്. പോലീസ് 'സദാചാര പോലീസിങ്ങിന്' മുതിരുന്നുവെന്ന ആക്ഷേപവുമുണ്ട്.

വിനോദോപാധികള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സമയം, അസമയം തുടങ്ങിയ നിര്‍വചനങ്ങള്‍ അപക്വമാണെന്നും ആക്ഷേപമുണ്ട്. വോട്ടവകാശമുള്ള പൗരന്മാര്‍കൂടിയായ കോളേജ് വിദ്യാര്‍ഥികളെ 'കുട്ടി'കളാക്കി പോലീസ് രക്ഷാകര്‍തൃത്വം ചമയുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

പ്രതിഷേധവുമായി ടര്‍ഫ് ഉടമകളും

പോലീസ് തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് ജില്ലാ ടര്‍ഫ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ടര്‍ഫില്‍ രാത്രിസമയങ്ങളില്‍ കളിക്കാനെത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കാനും സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ക്ക് സമാനമായി ടര്‍ഫില്‍ കളിക്കുകയായിരുന്നുവെന്നതിന്റെ രസീത് ലഭ്യമാക്കാനും നിര്‍ദേശിച്ചു.

ഡിസംബര്‍ മൂന്നുവരെ പട്രോളിങ്ങിന്റെ ഭാഗമായി പോലീസ് ടര്‍ഫുകള്‍ സന്ദര്‍ശിക്കുമെന്നും ആവശ്യമെങ്കില്‍ പിന്നീട് സമയത്തിലുള്‍പ്പെടെ ഇളവുകള്‍ അനുവദിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഉറപ്പുനല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.

എന്നാല്‍, പോലീസ് നിയന്ത്രണങ്ങളില്‍ ജില്ലയിലെ ടര്‍ഫ് ഉടമകള്‍ക്കും പ്രതിഷേധമുണ്ട്. രാത്രിയില്‍ സാധാരണഗതിയില്‍ കുട്ടികള്‍ കളിക്കാനെത്താറില്ലെന്നും ജോലിസമയം കഴിഞ്ഞ് ഉദ്യോഗസ്ഥരും കച്ചവടക്കാരുമാണ് എത്താറുള്ളതെന്നുമാണ് ഉടമകളുടെ പക്ഷം. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നുതന്നെ വലിയ സാമ്പത്തികബാധ്യത നേരിടുന്ന ടര്‍ഫ് ഉടമകള്‍ക്ക്, പോലീസിന്റെ പുതിയ സമയക്രമം കൂടുതല്‍ ബാധ്യതയാകുമെന്നും ആരോപണം ഉയരുന്നു. ജില്ലയില്‍ 16 ടര്‍ഫുകളാണ് പ്രവര്‍ത്തിക്കുന്നത്.