കോഴിക്കോട്: വയനാട് പൂക്കോട് ജിഎംആര്‍എച്ച്എസിലെ പ്രധാനാധ്യാപകന്‍ കോഴിക്കോട് ചേമഞ്ചേരി സ്വദേശി വിനോദന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം. മേലുദ്യോഗസ്ഥരില്‍നിന്ന് വിനോദന്‍ കടുത്ത മാനസികപീഡനവും ഭീഷണിയും നേരിട്ടിരുന്നതായും ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചതായും മകള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

'കഴിഞ്ഞ കുറച്ച് മാസങ്ങളായി അച്ഛന്‍ വളരെയധികം മാനസികസമ്മര്‍ദത്തിലായിരുന്നു. ഉറക്കംപോലും ഇല്ലാത്ത അവസ്ഥയിലായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അച്ഛന് മാനസികമായ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ പരിഹരിക്കാനാകാത്ത ഭീഷണികളുണ്ടെന്നായിരുന്നു അച്ഛന്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നത്'- മകള്‍ വ്യക്തമാക്കി. മേലുദ്യോഗസ്ഥരുടെ ഭീഷണി സൂചിപ്പിക്കുന്ന കത്തുകള്‍ പോലീസിന് കൈമാറുമെന്നും അവര്‍ പറഞ്ഞു. 

കഴിഞ്ഞദിവസമാണ് കോഴിക്കോട് പയ്യോളി റെയില്‍വേ സ്‌റ്റേഷന് സമീപം വിനോദനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലരുടെ അമിതാധികാരപ്രയോഗവും മാനസികപീഡനവും സൂചിപ്പിക്കുന്ന നിവേദനവും വിനോദന്‍ ദിവസങ്ങള്‍ക്ക് മുമ്പ് കെ.എസ്.ടി.എ.യ്ക്ക് നല്‍കിയിരുന്നു. അതിനാല്‍ അധ്യാപകന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് കെ.എസ്.ടി.എ.യുടെ ആവശ്യം. 

കഴിഞ്ഞവര്‍ഷമാണ് വിനോദന്‍ പൂക്കോട് ജി.എം.ആര്‍.എച്ച്.എസിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റത്. അതേവര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്‌കൂള്‍ നൂറുശതമാനം വിജയവും കൈവരിച്ചിരുന്നു. 

Content Highlights: wayanad pookode gmrhs school teacher vinodan's death; family needs a proper inquiry