കല്പറ്റ: റിപ്പണ്‍ സ്വദേശിനിയായ പോത്തുകാടന്‍ ഫര്‍സാന (21) ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ തമിഴ്‌നാട് പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് പിതാവ് അബ്ദുള്ള പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകളുടെ മരണം കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.

2020 ജൂണ്‍ 18-നാണ് ഫര്‍സാനയെ ഗൂഡല്ലൂരില്‍ വാടകയ്ക്ക്‌ താമസിക്കുന്നവീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് താന്‍ റിപ്പണില്‍നിന്ന് പുലര്‍ച്ചെ ഗൂഡല്ലൂരിലെത്തുമ്പോള്‍ മകളുടെ മൃതദേഹം അവിടത്തെ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മകള്‍ തൂങ്ങിമരിച്ചതാണെന്നാണ് ഭര്‍ത്താവ് പൂക്കാട്ടില്‍ അബ്ദുള്‍ സമദും സുഹൃത്തുക്കളും തന്നോട് പറഞ്ഞത്. എന്നാല്‍ കട്ടിലില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന നിലയിലാണ് ഫര്‍സാനയുടെ മൃതദേഹം കണ്ടതെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്.

ഗൂഡല്ലൂര്‍ പോലീസില്‍ പരാതിനല്‍കിയെങ്കിലും ഇതുവരെ സത്യസന്ധമായ അന്വേഷണം നടത്തിയിട്ടില്ല. അബ്ദുള്‍ സമദ് പലപ്പോഴും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അയല്‍ക്കാരോടും കൂട്ടുകാരോടും മകള്‍ പറഞ്ഞിരുന്നു. മകളുടെ മൃതദേഹത്തില്‍ കഴുത്ത്, കണ്ണ്, നെഞ്ച്, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുറിവുകളുണ്ടായിരുന്നു. മകളുടെ മരണം കൊലപാതകമാണെന്നായിരുന്നു ആദ്യം ഗൂഡല്ലൂര്‍ പോലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ 11 മാസങ്ങള്‍ക്കുശേഷം മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് പോലീസ് ശ്രമിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയില്ല. എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ഇടപെട്ടാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. മകളുടെ മരണംസംബന്ധിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പളനിസാമി, നീലഗിരി കളക്ടര്‍, പോലീസ് സൂപ്രണ്ട്, കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി. എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും പിതാവ് അബ്ദുള്ള പറഞ്ഞു.

2017 ഓഗസ്റ്റ് 15-നാണ് ചൂരല്‍മല പൂക്കാടന്‍ അബുവിന്റെ മകന്‍ അബ്ദുള്‍ സമദുമായി ഫര്‍സാനയുടെ വിവാഹം നടന്നത്. അബ്ദുള്‍ സമദ് ഗൂഡല്ലൂരില്‍ മൊബൈല്‍ കട നടത്തുകയാണ്.

കുറ്റവാളികളെ പിടികൂടണം

വടുവന്‍ചാല്‍: റിപ്പണ്‍ പുതുക്കാട് പി.കെ. അബ്ദുള്ളയുടെ മകള്‍ ഫര്‍സാന ഗൂഡല്ലൂരിലെ ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് എല്‍.ജെ.ഡി. മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ പി.വി. അനീഷ് അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദാലി, എ. ഹരികൃഷ്ണന്‍, പി.ടി. അയൂബ്, പി. കുഞ്ഞൂട്ടി, ചാക്കോ ചെല്ലക്കോട് എന്നിവര്‍ സംസാരിച്ചു.