പനമരം(വയനാട്): നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യം ചെയ്തവരെക്കുറിച്ചോ പ്രതികളെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം. വ്യാഴാഴ്ചയാണ് കേശവനും പത്മാവതിയും കൊല്ലപ്പെട്ടത്.

ഇവരുടെ വീടിന്റെ പുറകുവശത്തെ ജനലഴി എടുത്തു മാറ്റപ്പെട്ട നിലയിൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിശോധനയിൽ വീടിന് സമീപത്തെ തോട്ടത്തിൽനിന്ന് ഊരിമാറ്റിയ ജനലഴി കണ്ടെടുത്തിട്ടുണ്ട്.

ജനലഴി ഊരി മാറ്റിയാണ് അക്രമികൾ അകത്തു പ്രവേശിച്ചതെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. സംഭവസ്ഥസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ കാര്യമായ തെളിവുളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. കൊലപാതകം ആസൂത്രിതമാണെന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Read Also:വയനാട്ടിലെ ഇരട്ടക്കൊല: പിന്നിൽ പ്രൊഫഷണൽ കൊലയാളികൾ? വീടിന്റെ രണ്ടാംനിലയിൽ നിലയുറപ്പിച്ചു....

മോഷണശ്രമം ഉൾപ്പെടെയുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ വീടിനുള്ളിൽനിന്ന് എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല. തെളിവുകളൊന്നും കാര്യമായി ലഭിക്കാത്ത സാഹചര്യത്തിൽ ആക്രമണത്തിനുപിന്നിൽ പ്രൊഫഷണൽ സംഘങ്ങളാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്തിടെ ഉണ്ടായ സംശയാസ്പദമായ സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ശാസ്ത്രീയ തെളിവുകൾ തേടി പോലീസ്

സംഭവസ്ഥലത്തുനിന്ന് തെളിവുകൾ കിട്ടാത്ത സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുമെല്ലാം തെളിവ് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Read Also:ചോരയിൽ കുളിച്ച് പത്മാവതി, വെട്ടേറ്റ് വീണ് കേശവൻ; വീണ്ടും ഇരട്ടക്കൊല, ഞെട്ടൽ മാറാതെ വയനാട്....

വീടിന്റെ താഴത്തെ നിലയിലായിരുന്ന കേശവനെയും പത്മാവതിയെയും മുകളിൽ നിന്നിറങ്ങി വന്ന മുഖംമൂടി ധരിച്ച രണ്ടുപേർ വെട്ടിയെന്നാണ് കരുതുന്നത്. കഴുത്തിന് വെട്ടേറ്റ പത്മാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഈ കാര്യം പറഞ്ഞത്.

Content Highlights:wayanad double murder case