തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള കേരള വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 

vigilanceനാല്പത്തെട്ടോളം വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ ഒരേ സമയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ റെയ്ഞ്ച് എസ്.പി.മാര്‍, യൂണിറ്റ് ഡിവൈ.എസ്.പി.മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് ബുധനാഴ്ച മിന്നല്‍ പരിശോധന നടത്തിയത്. 

മിന്നല്‍ പരിശോധന ആരംഭിച്ച പതിനൊന്നു മണിക്കുപോലും പല ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല. മൂവ്മെന്റ് രജിസ്റ്റര്‍, ഹാജര്‍ ബുക്ക്, സ്‌ക്രാപ്പ് രജിസ്റ്റര്‍, പേഴ്സണല്‍ കാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍ മുതലായവ പല വാട്ടര്‍ അതോറിറ്റി ഓഫീസുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. 

പുതിയ കണക്ഷന്‍ നല്‍കുന്നതിലെ തിരിമറിയും വിജിലന്‍സ് സംഘം പിടികൂടി. വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ നൂറുകണക്കിന് അപേക്ഷകള്‍ സേവനാവകാശ നിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നതായും വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ സ്ഥിരം ഒരേ കരാറുകാര്‍ക്ക് കൊടുക്കുന്നതായും കണ്ടെത്തി. 

പാലക്കാട്, വയനാട്, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ഓഫീസുകളില്‍ നിന്നും കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. 

പൊതുജന പരാതി പുസ്തകം പല ഓഫീസുകളിലും സൂക്ഷിക്കുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. ഓവര്‍സിയര്‍, വര്‍ക്ക് സൂപ്രണ്ട് തുടങ്ങിയവര്‍ പല വര്‍ക്ക് സൈറ്റുകളിലും പോകുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. മിന്നല്‍ പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു.