നിലമ്പൂർ: പോത്തുകല്ലിൽ വിവാഹസത്‌കാരം കഴിഞ്ഞതിന് ശേഷം റോഡരികിൽ തള്ളിയ മാലിന്യം വീട്ടുകാരെക്കൊണ്ട് തന്നെ നീക്കം ചെയ്തു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പോത്തുകല്ല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസത്‌കാരം നടത്തിയ വീട്ടുകാരെ കണ്ടെത്തി നടപടി സ്വീകരിച്ചത്.

പത്താം തീയതിയാണ് പോത്തുകല്ല് അണ്ടിക്കുന്നിലെ വീട്ടിൽ വിവാഹസത്‌കാരം നടന്നത്. തുടർന്ന് മാലിന്യങ്ങൾ ഇവർ പ്രധാന റോഡരികിൽ തള്ളുകയായിരുന്നു. മാലിന്യം റോഡരികിൽ തള്ളിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്തദിവസമാണ് പോത്തുകല്ല് പോലീസ് അന്വേഷണം ആരംഭിച്ചത്. കോവിഡ് കാലത്ത് വിവാഹസത്‌കാരം സംഘടിപ്പിക്കാൻ മുൻകൂർ അനുമതി തേടണമെന്നതിനാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ പോലീസിന് എളുപ്പമായി. ഒപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. വിവാഹത്തിന് നേരത്തെ അപേക്ഷനൽകിയവരെക്കുറിച്ച് അന്വേഷിച്ചതോടെ അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. തുടർന്ന് തങ്ങൾ തന്നെ മാലിന്യം നീക്കംചെയ്യാമെന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരോടൊപ്പം ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിസരം ശുചീകരിക്കുകയും ചെയ്തു.

പോത്തുകല്ല് എസ്.ഐ. അബ്ബാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മധു കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, സലീൽബാബു, കൃഷ്ണദാസ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തുകയും പ്രദേശം ശുചീകരിക്കുകയും ചെയ്തത്.

Content Highlights:waste dumped in road side after wedding reception in pothukallu nilambur