കൊച്ചി: ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണി ട്രാപ്പിൽ അകപ്പെടുത്തി പണം തട്ടുന്ന പരിപാടി ഇപ്പോൾ വാട്സാപ്പിലുമെത്തി. അറിയുമോ, മറന്നോ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാകും തുടക്കം. പണ്ടെപ്പോഴെങ്കിലും ഒപ്പം പഠിച്ചവരായിരിക്കും എന്നു കരുതി മുഷിപ്പിക്കാതെ മറുപടിയും നൽകും. പരിചയമില്ലെന്ന് അറിയിച്ചാൽ വൈകാരികമായ സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചെടുക്കും.

അടുപ്പം സ്ഥാപിച്ച ശേഷം വീഡിയോ കോൾ ചെയ്യും. വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെ വേഗത്തിൽ വീഴുന്നവരോട് നഗ്നത പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. ഇതിൽ വീഴാത്തവരെ പെടുത്താനും നമ്പറുണ്ട് ഇവരുടെ കൈയിൽ.

സാധാരണ രീതിയിൽ വീഡിയോ കോളിൽ മുൻക്യാമറയിൽ സംസാരിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത സമയത്ത് പിൻക്യാമറ ഓൺ ആക്കും. പിന്നിൽ സെക്സ് വീഡിയോ ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ പ്രദർശിപ്പിക്കും. ഇത് റെക്കോഡ് ചെയ്തെടുത്ത് നഗ്നത വീക്ഷിച്ചിരുന്ന തരത്തിലാക്കും. ഇത് പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.

മലയാളികൾ തന്നെയാണ് ഹണിട്രാപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. മുമ്പ് ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നതെല്ലാം വടക്കേ ഇന്ത്യക്കാരായിരുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന അപരിചിതരായ സുഹൃത്തുക്കളായാണ് ഇവർ എത്തിയിരുന്നത്. ശേഷം വീഡിയോ കോൾ ചെയ്ത് കുടുക്കുന്നതായിരുന്നു രീതി. പിന്നീട് വാട്സാപ്പിൽ അപരിചിത നമ്പറിൽനിന്ന് വീഡിയോ കോൾ ചെയ്യുകയും ഫോൺ എടുക്കുമ്പോൾ തന്നെ നഗ്നത പ്രദർശിപ്പിച്ച് റെക്കോഡ് ചെയ്യുകയും ചെയ്യും.

ഈ തട്ടിപ്പ് തുടർന്നതോടെ അപരിചിതരുടെ നമ്പറിൽനിന്നു വരുന്ന വാട്സാപ്പ് വീഡിയോ കോളുകൾ എടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് പൂർവകാല സുഹൃത്തുക്കൾ ചമഞ്ഞുള്ള തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹണിട്രാപ് സംബന്ധിച്ച ഇത്തരം കേസുകൾ കൂടി വരികയാണെന്നും 25 പരാതികളാണ് ഏപ്രിലിൽ മാത്രം എറണാകുളം റൂറൽ പോലീസിൽ ലഭിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈ പ്രൊഫൈലുള്ളവരാണ് തട്ടിപ്പിൽ വീഴുന്നതെന്നും പോലീസ് സൂചിപ്പിച്ചു.

Content Highlights:warning about whatsapp honey trap