ഹൈദരാബാദ്: വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ അടിസ്ഥാനമാക്കിയാണ് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുന്നത്. 

ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം, ഭാര്യ നിഷ, മക്കളായ ഷഹബാസ്, സൊഹൈല്‍, ബുഷ്‌റ, ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, കുടിയേറ്റ തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ എന്നിവരെയാണ് കഴിഞ്ഞദിവസം കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചണമില്ലിലെ തൊഴിലാളികളായ ഇവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയും ബാക്കി അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കിണറ്റില്‍നിന്ന് കണ്ടെടുത്തത്. 

മരിച്ചവരുടെ മൊബൈല്‍ ഫോണുകളെല്ലാം ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ ഇതേ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, സംഭവത്തിന്റെ തലേദിവസം ഫാക്ടറിയില്‍ മഖ്‌സൂദിന്റെ നേതൃത്വത്തില്‍ വിരുന്ന് സംഘടിപ്പിച്ചതായും തെളിഞ്ഞു. മകള്‍ ബുഷ്‌റയുടെ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനാഘോഷമാണ് നടന്നത്. ഇതില്‍ പങ്കെടുക്കാനായി മഖ്‌സൂദ് ഫാക്ടറിയിലെ മറ്റൊരു ഭാഗത്ത് താമസിച്ചിരുന്ന ബാക്കി മൂന്ന് പേരെയും ക്ഷണിച്ചിരുന്നു. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഭക്ഷണാവശിഷ്ടങ്ങളും കൂള്‍ ഡ്രിങ്ക്‌സുകളും പോലീസ് കണ്ടെത്തി. 

മഖ്‌സൂദിന്റെ മകള്‍ ബുഷ്‌റ ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് ഏറെക്കാലമായി മാതാപിതാക്കളോടൊപ്പമാണ് താമസം. ഇതിനിടെ പ്രദേശത്തെ ഒരു യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നതായും ഇത് വഴക്കില്‍ കലാശിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബുഷ്‌റയുടെ ഭര്‍ത്താവിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു. 

20 വര്‍ഷം മുമ്പാണ് മഖ്‌സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്. ഗൊറേക്കുണ്ടയിലെ ഒരു ചണമില്‍ ഫാക്ടറിയിലാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇവര്‍ ജോലിചെയ്തിരുന്നത്. മരിച്ച ബാക്കിയുള്ളവരും ഇതേ ഫാക്ടറിയിലെ ജോലിക്കാരാണ്. കരീംബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മഖ്‌സൂദും കുടുംബവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫാക്ടറിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഉടമയുടെ അനുവാദത്തോടെ ഫാക്ടറിയില്‍ തന്നെ താമസം തുടര്‍ന്നു. തൊഴിലാളികളായ ബാക്കി മൂന്ന് പേരും ഇതേ ഫാക്ടറിയിലുണ്ടായിരുന്നു. 

Content Highlights: warangal well of death, mystery continues and police investigation going on