പാലക്കാട്: സാക്ഷികളെ കണ്ടെത്തിയതിലും മൊഴികള്‍ എഴുതിച്ചേര്‍ക്കുന്നതിലും ഉണ്ടായ വൈരുധ്യങ്ങള്‍ വാളയാര്‍ അട്ടപ്പള്ളത്ത് പെണ്‍കുട്ടികള്‍ മരിച്ച കേസിനെ തുടക്കംമുതല്‍ വഴിതെറ്റിച്ചെന്ന് തെളിഞ്ഞു. സംഭവവുമായി കാര്യമായ ബന്ധമില്ലാത്തവരെപ്പോലും സാക്ഷികളാക്കിയപ്പോള്‍ ഏറെ സൂക്ഷ്മതയോടെ കാര്യമാത്ര പ്രസക്തമായി തയ്യാറാക്കേണ്ട ആദ്യ മൊഴിയെഴുത്ത് (എഫ്.ഐ.എസ്.) ദുര്‍ബലമായി.

ഏറെ വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്ന, പെണ്‍കുട്ടികളുടെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയ സാക്ഷികളെ പലരെയും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറുമായില്ല. കോടതിയില്‍ നല്‍കേണ്ട വിവരങ്ങള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച ഗൃഹപാഠമില്ലാതെ വിചാരണയ്‌ക്കെത്തിയ സാക്ഷികള്‍ പലരും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ നല്‍കിയ മൊഴികള്‍ ദുര്‍ബലമായിരുന്നുവെന്ന് പാലക്കാട് പോക്‌സോ കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ തെളിയിക്കുന്നു.

പോക്‌സോ കേസുകളില്‍ സാധാരണ സ്ത്രീകളുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തുക വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. പ്രധാനപ്പെട്ടവപോലും കൃത്യവും വ്യക്തവുമായി എഴുതുന്നതില്‍ അന്വേഷണസംഘത്തിനുണ്ടായ വീഴ്ച പിന്നീട് പരിഹരിക്കാനാവാത്തതായി.

പലയിടത്തും സ്ഥലംവിട്ട് തയ്യാറാക്കിയ ആദ്യ മൊഴിയെഴുത്തും കേസിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ പ്രതിയില്‍നിന്ന് പീഡനമേറ്റെന്ന് ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, സാക്ഷികള്‍ മൂന്നുപേരും കോടതിയിലെത്തിയപ്പോള്‍ 2014-'15 കാലയളവിലാണ് പ്രചാരണത്തിന് പോയതെന്നാണ് പറഞ്ഞത്. പ്രോസിക്യൂഷന്റെ ആരോപണമനുസരിച്ച് 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 2016-ല്‍ നടന്ന പീഡനം 2014-'15-ല്‍ സാക്ഷികളോട് പെണ്‍കുട്ടിക്ക് എങ്ങനെ പറയാനാവും എന്ന ചോദ്യമുയര്‍ന്നതോടെ ഈ സാക്ഷിമൊഴികള്‍പോലും വിശ്വസനീയമല്ലാതായി.

Content Highlight: Walayar Rape Deaths;Police mistakes