പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍.) പ്രതികള്‍ക്കെതിരേ ബലാത്സംഗമുള്‍പ്പെടെയുള്ള ശക്തമായ കുറ്റാരോപണങ്ങള്‍.

പതിമൂന്നുകാരിയായ മൂത്തപെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും ഒമ്പതുകാരിയായ ഇളയ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ട് റിപ്പോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍, പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ എന്നീ നിയമങ്ങളിലെ വകുപ്പുകള്‍പ്രകാരമുള്ള കുറ്റാരോപണങ്ങളും ചുമത്തിയിട്ടുണ്ട്.

ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, സ്ത്രീത്വത്തിനും മാന്യതയ്ക്കും കളങ്കംവരുത്തുന്ന രീതിയിലുള്ള ബലപ്രയോഗം, തുടര്‍ച്ചയായുള്ള ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പതിമൂന്നുകാരിയുടെ കേസില്‍ പാമ്പാംപള്ളം അട്ടപ്പള്ളം വി. മധു (വലിയമധു-31), രാജാക്കാട് വലിയമുല്ലക്കാനം എന്‍. ഷിബു (47), കഞ്ചിക്കോട് അട്ടപ്പള്ളം പള്ളിക്കാട് വീട്ടില്‍ എം. മധു (കുട്ടിമധു-28), സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാവാത്തയാള്‍ എന്നിവരാണ് പ്രതികള്‍. ഒമ്പതുകാരിയുമായി ബന്ധപ്പെട്ട കേസില്‍ വി. മധു മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.

ലോക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്ന ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ 2020 നവംബര്‍ നാലിന് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പതിമൂന്നുകാരിയെ 2017 ജനുവരി 13-നും സഹോദരിയായ ഒമ്പതുകാരിയെ മാര്‍ച്ച് നാലിനുമാണ് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍ സമാനസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സി.ബി.ഐ. എസ്.പി. നന്ദകുമാര്‍ നായരാണ് പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണനാണ് അന്വേഷണോദ്യോഗസ്ഥന്‍.