തൃശ്ശൂർ/വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ പാറമടയിൽ തിങ്കളാഴ്ച വൈകുന്നേരംനടന്ന സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹതതേടി പോലീസ്. ഒന്നരവർഷമായി പ്രവർത്തിക്കാത്ത പാറമടയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ എങ്ങനെയെത്തി എന്നതാണ് സംശയം. പാറമടയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളല്ല പൊട്ടിത്തെറിച്ചതെന്ന പ്രാഥമിക വിവരവും സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമം നടന്നെന്ന കണ്ടെത്തലും ദുരൂഹത കൂട്ടുന്നുണ്ട്. സ്ഫോടകവസ്തുക്കളുടെ തൊട്ടടുത്തുതന്നെയായിരുന്നു ആറുപേരും എന്നതിനാലാണ് എല്ലാവർക്കും പരിക്കേറ്റതും.

പാറമട ഉടമയുടെ ബന്ധുക്കൾതന്നെ അതിരഹസ്യമായി അപകടത്തിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്നതും സംശയത്തിലേക്ക് നയിക്കുന്നുണ്ട്. പ്രവർത്തിക്കാതെ കിടന്ന പാറമടയിൽ മീൻവളർത്തുന്നുണ്ടെന്നാണ് പറയുന്നത്. ഇവിടെ ചെറിയ സിമന്റ്-ഫൈബർ തൊട്ടികളിലാണ് മീൻ വളർത്തുന്നത്. ഈ സ്ഥലത്തുനിന്ന് 500 മീറ്ററോളം അകലെ ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഫോടനം നടന്നത്. അവിടെയാകട്ടെ, മീൻ വളർത്തുന്നുമില്ല. ഇവിടെ മീൻപിടിക്കാനാണ് പോയതെന്നാണ് പോലീസ് ആദ്യം വിശദീകരിച്ചത്. എന്നാൽ, പിടിക്കാൻ വലുപ്പമായ മീനുകളോ അതിനുപറ്റിയ വെള്ളമുള്ള സ്ഥലമോ പാറമടയിലില്ല.

മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നത് ശരിയല്ലെന്നും സ്ഫോടനത്തിന്റെ സ്വഭാവം കാണിക്കുന്നു. അഞ്ചടിയോളം കുഴിയുണ്ടായത് മണ്ണിന് പുറത്തുണ്ടായ സ്ഫോടനംകൊണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പ്രവർത്തിക്കാതെകിടന്ന പാറമടയിലേക്ക് രാത്രിയും പകലും വാഹനങ്ങളും ആളുകളും ധാരാളമെത്താറുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഇനിയും ഇവിടെയുണ്ടെന്നു പറഞ്ഞ് സ്ഥലത്ത് പോലീസ് മാധ്യമപ്രവർത്തകരെപ്പോലും തടയുകയും ചെയ്തിരുന്നു.

പത്തനംതിട്ട കലഞ്ഞൂർ പാടത്ത് സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) വനമേഖലയിൽ പരിശോധനകൾ നടത്തുന്നുണ്ട്. ദിവസങ്ങൾക്കുമുമ്പ് പാടം വനമേഖലയിലെ കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ഭാഗത്തുനിന്ന് ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.

സ്ഫോടനസ്ഥലത്ത് അറക്കപ്പൊടിയും ഡീസലും

വടക്കാഞ്ചേരി: സ്ഫോടനം നടന്ന വാഴക്കോട് വളവിലെ ക്വാറി എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളർമാരായ എസ്. ശരവണൻ, ടി. അനിൽകുമാർ എന്നിവർ പരിശോധിച്ചു. സ്ഫോടനത്തിനുശേഷം രൂപപ്പെട്ട കുഴിയും മറ്റ് അവശിഷ്ടങ്ങളും സംഘം പരിശോധിച്ചു. സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്ത് അറക്കപ്പൊടിയും ഡീസലും കണ്ടെത്തി. നൈട്രേറ്റ് മിശ്രിതം പാക്ക് ചെയ്തുവരുന്ന പോളിത്തീൻ കവറുകളും സ്ഫോടനം നടന്ന ഭാഗത്ത് കിടന്നിരുന്നു.

ഇവിടെ അശ്രദ്ധയാണ് സ്ഫോടനത്തിന് വഴിയൊരുക്കിയതെന്ന് എസ്. ശരവണൻ പറഞ്ഞു. സമീപത്തെ വീടുകളും എക്സ്പ്ലോസീവ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഡി.ഐ.ജി. എ. അക്ബർ,സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർമാർ, ബോംബ്സ്ക്വാഡ്, സയന്റിഫിക് ഉദ്യോഗസ്ഥർ, ജിയോളജി ഉദ്യോഗസ്ഥർ, ഡോഗ്സ്ക്വാഡ് എന്നിവരും ക്വാറിയിലെത്തി പരിശോധിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി എടുക്കാതെ കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ ആവില്ലെന്ന് ഐ.ജി. പറഞ്ഞു. ക്വാറിക്ക് രണ്ടു വർഷമായി അനുമതി നൽകിയിട്ടില്ലെന്ന് ജിയോളജിസ്റ്റ് എം.സി. കിഷോർ പറഞ്ഞു.