വടക്കാഞ്ചേരി: മിണാലൂർ കുറ്റിയങ്കാവിനു സമീപം മണ്ണുത്തി മരോട്ടിക്കൽ ദിലീപ്കുമാർ (34) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാർളിക്കാട് നെല്ലിക്കൽ ഗിരീഷി(37)നെയാണ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

മിണാലൂർ കുറ്റിയങ്കാവിന് മുൻവശത്തെ റോഡിൽ ഗുണ്ടാസംഘത്തിലെ അംഗമായ ദിലീപിനെ ഞായറാഴ്ച രാത്രിയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്. സമീപത്ത് ദിലീപിന്റെ സ്കൂട്ടറും കണ്ടെത്തി. സ്കൂട്ടർ കിടന്ന ഭാഗത്ത് വാഹനാപകടത്തിന്റെ സൂചനകളൊന്നും കാണാത്തതിനാൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ദുരൂഹത സംശയിച്ചത്.

ദിലീപ്കുമാർ ജയിലിലായ സമയത്ത് മൂന്ന് പോത്തുകളെ പരിപാലിക്കാൻ പാർളിക്കാട് ഫാം നടത്തുന്ന ഗിരീഷിനെ ഏൽപ്പിച്ചിരുന്നു. തിരിച്ചുവന്ന ദിലീപ്, പോത്തുകൾ പരിപാലനമില്ലാത്തതിനാൽ മെലിഞ്ഞതായിക്കണ്ട് ഗിരീഷിന്റെ വീട്ടിലെത്തി ഞായറാഴ്ച രാത്രി ബഹളമുണ്ടാക്കി. ഇതിനെ ചോദ്യംചെയ്ത ഗിരീഷും ദിലീപും തമ്മിൽ സംഘട്ടനമുണ്ടായതായി പോലീസിന് വിവരം ലഭിച്ചു.

ഇടിക്കട്ടപോലെയുള്ള എന്തോ ഉപയോഗിച്ചാണ് ദിലീപിന് പരിക്കേറ്റത്. കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം റോഡിൽ സ്കൂട്ടർ അപകടം എന്ന് വരുത്തിത്തീർക്കാനായിരുന്നു ഗിരീഷിന്റെ ശ്രമം. സഹായികളായി വേറെ ചിലരും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ നേരിട്ട് ആക്രമിക്കാൻ കൂടിയിട്ടില്ല. ഇവരെയും പോലീസ് ചോദ്യംചെയ്തുവരുന്നു.

തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ, വെസ്റ്റ് പോലീസ് സ്റ്റേഷൻ, നെടുപുഴ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ അനവധി കേസുകളിലെ പ്രതിയായ ദിലീപ് ഒരുമാസംമുന്നെയാണ് ജയിലിൽ നിന്നിറങ്ങിയത്. പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനത്തിൽ തലയിൽ രക്തം കട്ടപിടിച്ചാണ് മരണമെന്ന് സൂചനയുണ്ട്.