കൊച്ചി: വൈഗയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ സനുമോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍നിന്ന് രാവിലെ 11.05 ഓടെയാണ് സനുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനും അല്പസമയത്തിനകം ആരംഭിക്കും.

വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ബോധംപോയപ്പോള്‍ മരിച്ചെന്ന് കരുതി പുഴയില്‍ എറിഞ്ഞെന്നുമാണ് സനുമോഹന്‍ പോലീസിന് നല്‍കിയ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന്‍ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സനുവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ. 

അതിനിടെ, സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവില്‍പോയതിന് ശേഷം സനുമോഹന്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.  

സാമ്പത്തികപ്രശ്‌നങ്ങള്‍ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവില്‍കഴിഞ്ഞത്, മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടുകയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നവിവരം. 

Content Highlights: vyga murder case police will interrogate sanu mohan and his wife