മോസ്‌കോ: ഒടുവില്‍ 'വോള്‍ഗ മാനിയാക്' ആരാണെന്ന് റഷ്യയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വര്‍ഷങ്ങളായി അജ്ഞാതനായി മറഞ്ഞിരുന്ന കൊടുംകുറ്റവാളിയെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 2011-നും 2012-നും ഇടയില്‍ 26 വയോധികമാരെയാണ് വോള്‍ഗ മാനിയാക് എന്നറിയപ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്.
റഷ്യയിലെ വിവിധ മേഖലകളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികമാരാണ് കൃത്യമായ ഇടവേളകളില്‍ കൊല്ലപ്പെട്ടത്. പലയിടത്തും കവര്‍ച്ചയും നടന്നു. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുകളയുന്ന കുറ്റവാളിയെക്കുറിച്ച് വര്‍ഷങ്ങളായിട്ടും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഒടുവില്‍ ചെരിപ്പടയാളവും കൊലപാതകം നടന്ന സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ. തെളിവുകളുമാണ് നിര്‍ണായകമായത്. ഇവയെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊടുംകുറ്റവാളിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.
റാഡിക് ടാഗിറോവ്(38) എന്നാണ് വോള്‍ഗ മാനിയാക്കിന്റെ യഥാര്‍ഥ പേരെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരം. വയോധികമാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലിക്കെന്ന വ്യാജേന എത്തുന്ന ഇയാള്‍ അതിക്രൂരമായി അവരെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു. പ്ലംബറുടെയും ഇലക്ട്രീഷ്യന്റെയും കൂലിപ്പണിക്കാരന്റെയും വേഷത്തില്‍ ഇയാള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. വയോധികമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നതിന് പിന്നാലെ അവരെ ബലംപ്രയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. കൈ കൊണ്ടോ അല്ലെങ്കില്‍ തുണിയോ വയറോ ഉപയോഗിച്ചായിരുന്നു കൊലപാതകം. 2011-12 കാലയളവില്‍ 26 സ്ത്രീകളാണ് ഇയാളുടെ കൈകളാല്‍ ശ്വാസംമുട്ടി പിടഞ്ഞ് മരിച്ചത്. ഇവരില്‍ മിക്കവരും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. കസാന്‍, സമാര,ടോല്‍യാട്ടി തുടങ്ങി വോള്‍ഗ നദിയുടെ തീരത്തുള്ള നഗരങ്ങളിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. ഇതോടെ അജ്ഞാതനായ കൊലയാളിക്ക് വോള്‍ഗ മാനിയാക് എന്ന പേരുനല്‍കി.
കൊലപാതകത്തിന് ശേഷം കവര്‍ച്ച നടത്തിയാണ് ഇയാള്‍ സ്ഥലംകാലിയാക്കുന്നത്. ചിലയിടത്ത് ഒരു മൊട്ടുസൂചിയില്‍ പോലും തൊട്ടിരുന്നില്ല. വിചിത്രമായ കൊലപാതക പരമ്പരയില്‍ ഈ വ്യത്യസ്തതകളും പോലീസിന് വെല്ലുവിളിയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലം അണുവിമുക്തമാക്കിയ ശേഷമേ മടങ്ങിയിരുന്നൂള്ളു.
വോള്‍ഗ മാനിയാക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 2019-ല്‍ മൂന്ന് മില്യണ്‍ റൂബിള്‍ (ഏകദേശം 30 ലക്ഷത്തോളം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഡി.എന്‍.എ. തെളിവുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടര്‍ന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊടുംകുറ്റവാളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ മുഴുവന്‍ കുറ്റങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.
Content Highlights: volga maniac serial killer detained in russia