ചെന്നൈ: നടി ചിത്രയുടെ മരണം ഒട്ടേറെ സംശയങ്ങൾക്ക് വഴിതുറക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ സജീവമായ ചിത്ര മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പും പോസ്റ്റുകളിട്ടിരുന്നു. അവസാനം കാണുമ്പോഴും സന്തോഷവതിയായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്.

ചിത്ര ജീവനൊടുക്കി എന്ന വാർത്ത വിശ്വസിക്കാനാകുന്നില്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. നടിയുടെ മരണത്തിൽ ആരാധകർ സാമൂഹികമാധ്യമങ്ങളിൽ സംശയങ്ങളുന്നയിക്കുന്നുണ്ട്. മകളുടെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ചിത്രയുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

മകൾ മനോധൈര്യമുള്ളവളാണെന്ന് ചിത്രയുടെ അമ്മ പറയുന്നു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീസിൽ പരാതിനൽകി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ചിത്രയുടെ ഭർത്താവ് ഹേമന്ദ് സംശയനിഴലിലാണ്. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മിൽ വാക് തർക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഷൂട്ടിങ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയിൽ തിരിച്ചെത്തിയതെന്നാണ് ഹേമന്ദ് മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇയാളെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.

ശരീരത്തിൽ മുറിവ്

ചിത്രയുടെ മൃതദേഹത്തിൽ മുഖത്ത് വലതുഭാഗത്തും കൈയിലും മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ അതിൽ വ്യക്തതയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

സി.സി.ടി.വി. ദൃശ്യങ്ങൾ

ചിത്രയും ഹേമന്ദും ഹോട്ടലിൽ എത്തിയതുമുതലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവദിവസം രാത്രിയിലെ ദൃശ്യങ്ങൾ പ്രത്യേകമായി പരിശോധിക്കും. രാത്രിയിൽ ജോലിയിലുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്തുവരുകയാണ്.

ഫോൺ പരിശോധിക്കും

ആത്മഹത്യയാണെന്നാണ് ആദ്യഘട്ട നിഗമനമെങ്കിലും മരണകാരണം വ്യക്തമല്ലാത്തതിനാൽ പോലീസ് എല്ലാ വശങ്ങളിൽനിന്നുമുള്ള തെളിവുകൾ ശേഖരിക്കുകയാണ്. ചിത്രയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഫോണിൽനിന്ന് അന്വേഷണത്തിൽ വഴിത്തിരിവായേക്കാവുന്ന സൂചനകൾ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

Content Highlights:vj chithra death mystery continues