കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം. വിസ്മയയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ പേരാണ് മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെതിരേയുള്ള രോഷപ്രകടനങ്ങളും കമന്റുകളിലുണ്ട്.

ജൂൺ എട്ടാം തീയതിയാണ് മഴയത്ത് കാറിൽനിന്ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോ വിസ്മയ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായി ചേർത്തിട്ടുമുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞദിവസവും ഭർത്താവ് മർദിച്ചതായി വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. സ്ത്രീധനമായി നൽകിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മർദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും വിസ്മയ അയച്ചുനൽകി.

ഇതിനുപിന്നാലെയാണ് ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, വിസ്മയയുടെ മരണത്തിന് പിന്നാലെ കിരൺകുമാർ ഒളിവിൽപോയിരിക്കുകയാണ്.

മുടിയിൽ പിടിച്ചുവലിച്ചു, മുഖത്ത് ചവിട്ടി...

ഭർത്താവ് കിരൺകുമാറിൽനിന്ന് നിരന്തരം മർദനമേൽക്കേണ്ടി വന്നെന്നാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ മർദനത്തെക്കുറിച്ചും അതിന് മുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ചും ഈ സന്ദേശങ്ങളിൽ പറഞ്ഞിരുന്നു. വിസ്മയ വാട്സാപ്പിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:-

''വണ്ടി കൊള്ളില്ല എന്ന് പറഞ്ഞു, എന്നെ തെറിവിളിച്ചു. അച്ഛനെയും ചീത്തവിളിച്ചു. അയാൾക്ക് ആ വണ്ടി ഇഷ്ടമല്ല. ഞാൻ എത്ര നല്ല ലെവലിൽ ആയിട്ട് എനിക്ക് കിട്ടിയത് ഈ കോപ്പ് വണ്ടി എന്നൊക്കെ പറഞ്ഞു. അച്ഛനെ കുറേ പച്ചത്തെറി വിളി. ലാസ്റ്റ് നിർത്താൻ പറഞ്ഞു ഞാൻ. അപ്പോ അയാൾ നിർത്തില്ല. ഞാൻ കതക് തുറന്നു, അപ്പോൾ എന്റെ മുടിയിൽ പിടിച്ചുവലിച്ചു. എന്നിട്ട് തെറിയും. ലാസ്റ്റ് ഞാൻ ഇറങ്ങി. ഞാൻ പറഞ്ഞു, എനിക്ക് പേടിയാ ഞാൻ വരുന്നില്ല.

അടിക്കും വീട്ടിൽ വന്നാൽ, അങ്ങനെ സാധാരണ ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. കുറേ അടിച്ചു. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. അടിച്ചു എന്നേ പറഞ്ഞുള്ളൂ''

Content Highlights:vismaya v nair death kollam she posted her last video on facebook on june 8