കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ കൂടുതൽ പണം ചോദിച്ച് ഭർത്താവും വീട്ടുകാരും ശല്യംചെയ്തിരുന്നതായി വെളിപ്പെടുത്തൽ. വിസ്മയയുടെ കുടുംബസുഹൃത്തായ സക്കീർ ഹുസൈനാണ് ഇക്കാര്യം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

''അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. നല്ലൊരു കാര്യമാണെന്ന് പറഞ്ഞാണ് ഈ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഭർത്താവും വീട്ടുകാരും വീടിന്റെ പുനർനിർമാണത്തിനും മറ്റും കൂടുതൽ പണം ആവശ്യപ്പെട്ട് കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇടയ്ക്ക് ഞങ്ങൾ കിരണിനെതിരേ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് വക്കീലുമായി സംസാരിച്ചിരുന്നു. പിന്നീട് കിരൺ വന്നുതന്നെയാണ് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോയത്.

"അവൻ നിർബന്ധിച്ചാണ് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽനിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി. ഭർത്താവിന്റെ വീട്ടുകാർക്കും ഈ സംഭവത്തിൽ പങ്കുണ്ട്. ഇങ്ങനെയെല്ലാം ചെയ്തിട്ടും മകനെ അവർ തിരുത്തേണ്ടതല്ലേ, അതിനാൽ അവർക്കും പങ്കുണ്ടെന്നാണ് ഞങ്ങളുടെ സംശയം.''- സക്കീർ ഹുസൈൻ വിശദീകരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് വിസ്മയയെ ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും ഭർത്താവ് മർദിച്ചതായി വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു.

സ്ത്രീധനമായി നൽകിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മർദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും വിസ്മയ അയച്ചുനൽകി. ഇതിനുപിന്നാലെയാണ് ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, വിസ്മയയുടെ മരണത്തിന് പിന്നാലെ കിരൺകുമാർ ഒളിവിൽ പോയിരിക്കുകയാണ്.

Content Highlights:vismaya v nair death kollam allegations against husband kirankumar