കൊല്ലം: വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറൽ എസ്.പി. പറഞ്ഞു.

ഓരോ ചെറിയ കാര്യങ്ങൾ പോലും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. വിശദമായ തെളിവെടുപ്പടക്കം നടത്തുമെന്നും റൂറൽ എസ്.പി. പറഞ്ഞു. കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും അറിയിച്ചു. ഇതുസംബന്ധിച്ച് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തായ അശ്വതി പ്രതികരിച്ചു. 'അവൾ ആരോടും ഒരുകാര്യവും തുറന്നു പറയില്ല. എല്ലാകാര്യങ്ങളും പോസിറ്റീവായി കണ്ടിരുന്ന വ്യക്തിയാണ്. അവൾ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാൽ ഞങ്ങളുടെ കൂട്ടത്തിലെ ഒരു മനുഷ്യരും വിശ്വസിക്കില്ല. സ്ത്രീധനത്തിന്റെ പേരിൽ കിരൺ ഉപദ്രവിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോൾ അവിടെ അമ്മയും അച്ഛനുമൊക്കെ ഇല്ലേയെന്ന് ചോദിച്ചു. അമ്മയും അച്ഛനും കൂടെനിന്നാണ് അവളെ ഉപദ്രവിച്ചിരുന്നത്. വിസ്മയയുടെ കുടുംബം നൽകിയ കാർ പോരായിരുന്നു എന്നാണ് കിരൺ പറഞ്ഞിരുന്നത്. 20 ലക്ഷം രൂപയുടെയെങ്കിലും കാർ കിട്ടേണ്ട ആളാണ് താനെന്ന് പറഞ്ഞ് കിരൺ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നു.''- അശ്വതി പറഞ്ഞു.

Content Highlights:vismaya death police investigation