കൊല്ലം: കിരണും വിസ്മയയും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കിരൺകുമാറിന്റെ അച്ഛൻ സദാശിവൻപിള്ള. മരണത്തിന് കാരണമായ ഒന്നും അവർക്കിടയിൽ ഉണ്ടായിട്ടില്ല. ചെറിയ സൗന്ദര്യപിണക്കങ്ങളുണ്ടായിരുന്നു. ചെറിയ പിണക്കങ്ങളില്ലാത്ത ബന്ധങ്ങളുണ്ടോ? ഇനിയിപ്പോൾ ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഇന്നലെയൊക്കെ ഞാൻ പറഞ്ഞിട്ട് നൂറോളം ഫോൺ കോളുകളാണ് എനിക്ക് വരുന്നത്- സദാശിവൻപിള്ള മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

"ഇരുവർക്കുമിടയിൽ ചെറിയ സൗന്ദര്യപിണക്കങ്ങളുണ്ടായിരുന്നു. സ്ത്രീധനമായി ഞങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഡിമാൻഡുകൾ വല്ലതും ഉണ്ടോയെന്ന് അവർ ചോദിച്ചിരുന്നു. യാതൊരു ഡിമാൻഡുമില്ലെന്നാണ് ഞങ്ങൾ പറഞ്ഞത്. ഇതിനെക്കുറിച്ച് പിന്നീട് സംസാരിച്ചിട്ടുമില്ല.

"വിസ്മയയുടെ അച്ഛനും കിരണും തമ്മിൽ എന്തൊക്കയോ വാശിപ്രശ്നങ്ങളുണ്ടായിരുന്നു. മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ എന്നെ വിളിച്ചുപറയേണ്ടതല്ലേ. ഇതേവരെ അവർ ഇക്കാര്യങ്ങളൊന്നും എന്നോട് പറഞ്ഞിട്ടില്ല.

"ഞങ്ങളും വിസ്മയയും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു. അന്ന് രാവിലെ അവൾ തന്നെയാണ് എനിക്ക് ആഹാരമുണ്ടാക്കി തന്നത്. വൈകിട്ട് വരെ ഇവിടെയൊക്കെ സന്തോഷത്തോടെയാണ് നടന്നിരുന്നത്. അന്ന് രാത്രി വലിയ വഴക്കൊന്നും ഉണ്ടായിട്ടില്ല. വിസ്മയ കരയുന്നത് കണ്ടാണ് കാര്യം ചോദിച്ചത്. കിരൺ മൊബൈൽ വാങ്ങിച്ചു വെച്ചെന്നാണ് വിസ്മയ പറഞ്ഞത്. വഴക്കാണെങ്കിൽ താഴെത്തെ മുറിയിൽവന്ന് കിടക്ക് മോളെ എന്ന് പറഞ്ഞു. ഞാനില്ലെന്ന് പറഞ്ഞാണ് അവൾ മുറിയിലേക്ക് പോയത്.

"വിസ്മയയെ ഇവിടെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി പറയുന്നത്. എന്നിട്ട് വിസ്മയയുടെ അച്ഛൻ എന്ത് നടപടിയാണ് എടുത്തത്? മകളെ വിളിച്ചു കൊണ്ടുപോവുകയോ പോലീസിൽ പരാതി കൊടുക്കുകയോ ചെയ്തോ? മകൾക്ക് പീഡനമുണ്ടായെങ്കിൽ എന്നെയോ ബന്ധപ്പെട്ടവരെയോ അറിയിക്കണ്ടേ? അവർ ഒന്നും സംസാരിച്ചിട്ടില്ല. എന്നോട് ഈ കാര്യങ്ങളൊന്നും പറഞ്ഞിട്ടുമില്ല.

"മകൻ ഭാര്യവീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയത് അറിഞ്ഞിരുന്നു. അത് അത്ര വലിയ പ്രശ്നമൊന്നുമല്ല. കിരണും അവരും തമ്മിൽ എന്തോ സംസാരമുണ്ടായതാണ്. ഇപ്പോൾ ഇതെല്ലാം അവർ പരാതിയായി പറയുകയാണ്.

"വിസ്മയയുടെ വീട്ടുകാരുടെ നിസ്സഹകരണമാണ് എല്ലാത്തിനും കാരണം. നേരത്തെ വിസ്മയ സ്വന്തം വീട്ടിൽ പോയി നിന്നിരുന്നു. പിന്നെ അവളുടെ ഇഷ്ടപ്രകാരം തന്നെയാണ് ഇങ്ങോട്ട് വന്നത്. പിന്നീട് നിരന്തരം പീഡനമുണ്ടായെന്നാണ് അവളുടെ വീട്ടുകാർ പറയുന്നത്. അങ്ങനെയാണെങ്കിൽ ആ സമയത്ത് എന്നെ ഒന്ന് വിളിക്കുകയോ ആരെയെങ്കിലും ബന്ധപ്പെടുകയോ ചെയ്യേണ്ടേ? ഈ വണ്ടി വേണ്ടെന്ന് മകൻ ആദ്യമേ പറഞ്ഞിരുന്നതാണ്. വിവാഹത്തിന് ശേഷം വേറെ വണ്ടി വാങ്ങിക്കാൻ അവൻ ഉദ്ദേശിച്ചിരുന്നിരിക്കാം. ഇതെല്ലാം അവർക്കും അറിയാം. ഇനിയിപ്പോ അവരൊന്നും പറയുമെന്ന് തോന്നുന്നില്ല. എനിക്കും ഇനി പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാൻ പറഞ്ഞിട്ടും കാര്യമില്ല. അവർ ഇപ്പോൾ പറയുന്നതൊന്നും ശരിയുമല്ല."- സദാശിവൻപിള്ള വിശദീകരിച്ചു.

Content Highlights:vismaya death kirankumar father response