തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച വിസ്മയയുടെ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥനായ കിരൺകുമാറിനെ സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കിരൺകുമാറിന്റെ ഭാര്യയും നിലമേൽ സ്വദേശിയുമായ വിസ്മയയെ ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ കിരൺകുമാറിനെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവ് മർദിച്ചതായി വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. സ്ത്രീധനമായി നൽകിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മർദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും വിസ്മയ അയച്ചുനൽകിയിരുന്നു.

Content Highlights:vismaya death husband and amvi kiran kumar suspended from service