കൊല്ലം : വിസ്മയയുടെ മരണവാര്‍ത്തയുണ്ടാക്കിയ ഞെട്ടലിനോളം അവിശ്വസനീയതയോടെയാകും ചിലരെങ്കിലും അതിനുപിന്നിലെ കാരണങ്ങളെപ്പറ്റി കേട്ടത്. ഫെയ്‌സ്ബുക്കിലുംമറ്റും വിസ്മയ പങ്കുെവച്ചിരുന്ന പോസ്റ്റുകള്‍ കിരണുമൊത്തുള്ള ജീവിതം അത്രമേല്‍ മനോഹരമെന്ന് തോന്നിക്കുംവിധത്തിലുള്ളതായിരുന്നു. വിസ്മയയുടെ മരണത്തിനുശേഷം സഹോദരനുമായി നേരത്തേയുള്ള വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതോടെയാണ് പുറത്തുകാട്ടിയിരുന്ന സന്തോഷത്തിനുപിന്നിലെ വേദനയുടെ യാഥാര്‍ഥ്യങ്ങള്‍ പുറംലോകത്തേക്കെത്തിയത്.

വിസ്മയ ഏറ്റവുമൊടുവില്‍ ഫെയ്സ്ബുക്കില്‍ പങ്കുെവച്ച വീഡിയോ ഏറെ പ്രചരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം യാത്രചെയ്യുമ്പോള്‍ കാറില്‍നിന്ന് പുറത്തേക്കുള്ള മഴക്കാഴ്ചയായിരുന്നു വീഡിയോയിലുള്ളത്. ആദം ജോണ്‍ സിനിമയിലെ 'ഈ കാറ്റുവന്നു കാതില്‍ പറഞ്ഞു' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലെ വീഡിയോ ഭര്‍ത്താവ് കിരണിനെ ടാഗ് ചെയ്താണ് പങ്കുെവച്ചിരുന്നത്. ജൂണ്‍ എട്ടിനാണ് വിസ്മയ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഭര്‍ത്തൃവീട്ടിലെ ദുരിതങ്ങള്‍ പറഞ്ഞ് സഹോദരനയച്ച വാട്സാപ്പ് സന്ദേശങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അനുഭവിച്ചിരുന്ന ക്രൂരതകളുടെ നേര്‍സാക്ഷ്യമായിരുന്നു സന്ദേശങ്ങളില്‍. മരിക്കുന്നതിന്റെ തലേന്ന് അയച്ച സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. മര്‍ദനമേറ്റ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിച്ചു. നിലത്തു തള്ളിയിട്ട് മുഖത്ത് ചവിട്ടുന്നതായും സന്ദേശങ്ങളില്‍ പറയുന്നുണ്ട്. ദേഷ്യപ്പെട്ട് മര്‍ദിക്കുന്ന കാര്യങ്ങളും അച്ഛനെ അസഭ്യംപറയുന്നതും സന്ദേശങ്ങളിലുണ്ടായിരുന്നു.

കലഹത്തിനു കാരണം വിവാഹസമ്മാനമായ കാര്‍

കൊല്ലം : വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് ആദ്യദിവസങ്ങളില്‍ത്തന്നെ പോലീസ് കണ്ടെത്തി. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. വിവാഹത്തിനുമുന്‍പുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരണ്‍ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കോവിഡ് അടച്ചിടല്‍ കാലമായതിനാല്‍ ആ കാറുകള്‍ കിട്ടിയില്ല.

കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, കാര്‍ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നത്രേ. വിവാഹശേഷവും ഇടയ്ക്കിടെ കാറിനെച്ചൊല്ലി കലഹമുണ്ടായിട്ടുണ്ടെന്ന് കിരണിന്റെ അച്ഛനമ്മമാരും പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടായിരുന്നത്. വിസ്മയയുടെ അച്ഛനോടും സഹോദരനോടും കിരണിന് വലിയ ദേഷ്യമായിരുന്നു. മദ്യപിച്ചെത്തി അച്ഛനെയും സഹോദരനെയും അസഭ്യം പറയുന്നതിനെച്ചൊല്ലിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡമ്മി പരീക്ഷണം സഹായകമായി

കൊല്ലം : ഫൊറന്‍സിക് സംഘത്തിന്റെ ഡമ്മി പരീക്ഷണം അന്വേഷണത്തിന് ഏറെ സഹായകമായി. കിരണിന്റെ മൊഴിപ്രകാരം, സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. തൂങ്ങിമരിച്ചതായി കണ്ടെത്തിയ കിടപ്പുമുറിയോടുചേര്‍ന്നുള്ള ശൗചാലയത്തില്‍ അതീവരഹസ്യമായാണ് പോലീസ് ഇത് നടത്തിയത്. നേരത്തേ വീട്ടിലെത്തിച്ചു സൂക്ഷിച്ചിരുന്ന ഡമ്മി ഉപയോഗിച്ചായിരുന്നു പരീക്ഷണം.

കൊല്ലം റൂറല്‍ എസ്.പി. കെ.ബി.രവി, ഫൊറന്‍സിക് ഡയറക്ടറും വിസ്മയയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനുമായ ഡോ. ശശികല എന്നിവരുടെ നേതൃത്വത്തില്‍, വിസ്മയ തൂങ്ങിമരിച്ച രണ്ടാംനിലയിലെ ശൗചാലയത്തില്‍ കിരണുമായി അവര്‍ പലതവണ ശാസ്ത്രീയപരിശോധന നടത്തി. ശൗചാലയത്തിന്റെ വാതില്‍ തള്ളിത്തുറന്നതും വിസ്മയയെ തൂങ്ങിയനിലയില്‍നിന്ന് താഴെയിറക്കിയതും കൃത്രിമശ്വാസം നല്‍കിയതുമെല്ലാം കിരണ്‍ പോലീസിനുമുന്നില്‍ വീണ്ടും കാണിച്ചിരുന്നു.

നടന്നത് മികച്ച അന്വേഷണമെന്ന് വിസ്മയയുടെ പിതാവ്

കൊല്ലം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം മികച്ചതായിരുന്നെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായി. അതുകൊണ്ടാണ് മകള്‍ മരിച്ച് എണ്‍പത്തിരണ്ടാംനാള്‍ കുറ്റപത്രം സമര്‍പ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. കിരണിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയപ്പോള്‍ത്തന്നെ വിസ്മയയ്ക്ക് ആദ്യ നീതികിട്ടിയെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

തുടക്കമിട്ടത് സ്ത്രീധനത്തിനെതിരായ വലിയ പ്രചാരണത്തിന്

കൊല്ലം : വിസ്മയയുടെ മരണത്തോടെ സര്‍ക്കാരും മഹിളാസംഘടനകളും യുവജനസംഘടനകളും തുടക്കമിട്ടത് സ്ത്രീധനത്തിനെതിരായ ശക്തമായ പ്രചാരണപരിപാടികള്‍ക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസ്മയയുടെ വീട്ടില്‍ നേരിട്ടെത്തി ബന്ധുക്കളെക്കണ്ട അപൂര്‍വതയുമുണ്ടായി. വിസ്മയ മകളെപ്പോലെയാണെന്നാണ് വികാരാധീനനായി ഗവര്‍ണര്‍ പറഞ്ഞത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരളം മുന്നിലാണെങ്കിലും സ്ത്രീധനത്തിനെതിരേ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരും എം.എല്‍.എ.മാരും എം.പി.മാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെപ്പേരാണ് വിസ്മയയുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയറിയിച്ച് എത്തിയത്. സ്ത്രീധനം നല്‍കുന്നതിനെതിരേ കടുത്ത വിമര്‍ശനവും അവര്‍ ഉന്നയിച്ചു. സംഘടനകള്‍ സ്ത്രീധനത്തിനെതിരേ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നു. നിലമേലാണ് കൂടുതല്‍ പ്രചാരണങ്ങള്‍ക്കും വേദിയായത്.

സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും പൊതുവേദികളില്‍ പ്രതിജ്ഞയെടുത്തവരും ഒട്ടേറെ. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന നല്‍കലും ഊര്‍ജിതമായി.