കൊല്ലം : ഭര്‍ത്താവില്‍നിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ്പ് വഴി നടത്തിയ ചാറ്റുകള്‍ കേസില്‍ പ്രധാന തെളിവാകും. വിവിധയിടങ്ങളില്‍നിന്നു ഇത്തരം ചാറ്റുകള്‍ കണ്ടെടുത്തിരുന്നു. പ്രതി കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍നിന്നു വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും കണ്ടെത്തിയിരുന്നു. വിസ്മയ മാനസികസമ്മര്‍ദ്ദത്താല്‍ എറണാകുളം സ്വദേശിയായ മനശ്ശാസ്ത്രവിദഗ്ധനോട് സംസാരിച്ചതും പ്രതിയുടെ സ്ത്രീധനസംബന്ധമായ പീഡനത്തെക്കുറിച്ച് പരാതിപറഞ്ഞതും തെളിവായി ഹാജരാക്കിയിട്ടുണ്ട്.

പീഡനം സഹിക്കാനാകാതെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിയോട് പറഞ്ഞിട്ടും പ്രതി തുടര്‍ന്നും വിസ്മയയെ പീഡിപ്പിക്കുകവഴി ആത്മഹത്യാ പ്രേരണ നല്‍കിയതായി കുറ്റപത്രം ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക എന്നീ കുറ്റങ്ങളും പ്രതി ചെയ്തിട്ടുള്ളതായി പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കൂടുതല്‍ സ്ത്രീധനം കിട്ടുമെന്നുകരുതി വിസ്മയയെ വിവാഹംകഴിച്ചെന്നും എന്നാല്‍ പ്രതീക്ഷയ്ക്കനുസരിച്ച് സ്ത്രീധനം ലഭിക്കാത്തതിനാല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. സ്ത്രീധനമായി നല്‍കിയിരുന്ന കാര്‍ പ്രതിക്ക് താത്പര്യമില്ലാത്തതായിരുന്നു എന്നതായിരുന്നു പീഡനത്തിന്റെ പ്രധാനകാരണം. 2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയില്‍ സമീപവാസികളുടെ മുന്നില്‍വെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നില്‍ അയല്‍ക്കാരുടെ മുന്നില്‍വെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നു.

വിസ്മ കേസിന്റെ നാള്‍വഴി 

ജൂണ്‍ 21-ദുരൂഹസാഹചര്യത്തില്‍ വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

22-കിരണ്‍കുമാര്‍ അറസ്റ്റില്‍. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മരണത്തെപ്പറ്റി അന്വേഷിക്കാന്‍ ദക്ഷിണമേഖലാ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി.

25-വിസ്മയയുടേത് തൂങ്ങിമരണമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്.

28-ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു.

പോലീസ് തെളിവെടുപ്പ് ആരംഭിച്ചു.

29-കിരണിന്റെ വീട്ടില്‍ ഡമ്മി പരീക്ഷണം നടത്തി.

ഓഗസ്റ്റ് 6 -കിരണ്‍കുമാറിനെ സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

7-ആന്റണി രാജു വിസ്മയയുടെ വീട് സന്ദര്‍ശിച്ചു.

കുറ്റപത്രം നല്‍കിയ ദിവസത്തിന് ഏറെ പ്രാധാന്യം-എസ്.പി.

ശാസ്താംകോട്ട : കിരണിനെ പ്രതിയാക്കിയുള്ള കുറ്റപത്രം നല്‍കിയത് ലോക ആത്മഹത്യാപ്രതിരോധദിനത്തിലാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നെന്ന് റൂറല്‍ എസ്.പി. കെ.ബി.രവി പറഞ്ഞു.

എല്ലാ പഴുതുകളുമടച്ച് കുറ്റമറ്റ ചാര്‍ജ്ഷീറ്റാണ് നല്‍കിയത്. നിശ്ചിതസമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കിയതിനാല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്. പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.