കൊച്ചി: എഎസ്‌ഐയെ കുത്തിയ കേസില്‍ അറസ്റ്റിലായ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കണ്ടെത്തല്‍. ഇയാള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയ കത്ത് എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് വിഷ്ണുവിനെയാണ്. കേസില്‍ അന്ന് അറസ്റ്റിലായ വിഷ്ണുവിനെ വിചാരണയുടെ വേളയില്‍ മാപ്പുസാക്ഷി ആക്കിയിരുന്നു. 

വിഷ്ണു തന്നെയാണ് എളമക്കര സ്റ്റേഷന്‍ പരിധിയില്‍ എ.എസ്.ഐ. ഗിരീഷ്‌കുമാറിനെ കുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിഷ്ണു. 18 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് പറയുന്നു. എ.എസ്.ഐയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുമ്പോള്‍ ബിച്ചു എന്നാണ് ഇയാളുടെ പേരെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ പിന്നീടാണ് ഇയാള്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും യഥാര്‍ത്ഥ പേര് വിഷ്ണു എന്നാണെന്നും പോലീസ് കണ്ടെത്തിയത്. 

ഇയാളുടെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു അറിയിച്ചു.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സമയത്താണ് പള്‍സര്‍ സുനിയും വിഷ്ണുവും തമ്മില്‍ അടുത്ത ബന്ധമുണ്ടാകുന്നത്. ഇതിനേത്തുടര്‍ന്നാണ് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് വിഷ്ണു വഴി പുറത്തെത്തിച്ചതും പിന്നീട് ദിലീപിന്റെ ഡ്രൈവറെ ഇയാള്‍ ബന്ധപ്പെട്ടതും. ഇതിന് ശേഷമാണ് ഇയാള്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത്. 

ബുധനാഴ്ച പുലർച്ചെ ഇടപള്ളിയിൽ നിന്നും വാഹനം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു പോലീസിനെ അക്രമിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ മറ്റു പോലീസുകാർ വിഷ്ണുവിനെ കീഴടക്കി അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ. ഗിരീഷ് കുമാർ ചികിത്സയിലാണ്. 

Content Highlights: Vishnu who stabbed ASI was close companion of Pulsar suni